പയസ്വിനി തടയണ പദ്ധതി നടപ്പാക്കണം

സിപിഐ എം കാറഡുക്ക ഏരിയാസമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ അഡൂരിൽ നടന്ന പ്രകടനത്തിന്റെ മുൻനിര


അഡൂർ  ഭൂർഗർഭ ജലനിരപ്പ് അപകടകരമായ വിധത്തിൽ താഴ്ന്ന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കാറഡുക്ക ബ്ലോക്കിൽ ഉൾപ്പെടുന്ന പയസ്വിനി പുഴയിൽ ആവിഷ്കരിച്ച പയസ്വിനി തടയണ പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്ന് സിപിഐ എം കാറഡുക്ക ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  അവിഭക്ത കാസർകോട് ബ്ളോക്കിനെയാണ് ഭൂഗർഭ ജലനിരപ്പ് 20 ശതമാനത്തിൽ താഴ്ന്നതായി കണ്ടെത്തിയത്. നിലവിലെ സ്ഥിതി തുടർന്നാൽ മേഖലയിൽ കുടിവെള്ളം കിട്ടാക്കനിയാകും. 50 വർഷം മുമ്പ്‌ പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. കേന്ദ്ര ജലകമ്മീഷനും പയസ്വിനി പദ്ധതി അംഗീകരിച്ചിരുന്നു. സംരക്ഷിത വനമേഖലയിൽ തടയണ, നിർദിഷ്ട പദ്ധതി പ്രദേശമായതിനാൽ സ്ഥലലഭ്യതയും പ്രശ്നമല്ല. കർഷകർക്ക് ഏറെ ഗുണകരമായ പദ്ധതി  വേഗത്തിൽ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  ഉക്കിനടുക്ക മെഡിക്കൽ കോളേജ് വികസനം വേഗത്തിലാക്കുക, ചെർക്കള- ജൽസൂർ സംസ്ഥാനപാതയും കോട്ടൂർ വളവും നവീകരിക്കുക, ബോവിക്കാനം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുക, വന്യമൃഗശല്യം നിയന്ത്രിക്കാനായി ദേശീയ വനനിയമം ഭേദഗതി വരുത്തുക, പാണ്ടിയിൽ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കുക, കവുങ്ങ് കർഷകരെ ആശങ്കയിലാക്കുന്ന പുള്ളിക്കുത്ത് രോഗം തടയാൻ നടപടിയെടുക്കുക മലയോരഹൈവേ അടിയന്തിരമായി പൂർത്തീകരിക്കുക, മുള്ളേരിയയിൽ ഫയർ സ്റ്റേഷൻ അനുവദിക്കുക, കാറഡുക്കയിൽ ഐടിഐ സ്ഥാപിക്കുക, മുള്ളേരിയ കേന്ദ്രീകരിച്ച് സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസുകൾ ആരംഭിക്കുക, അഡൂരിൽ കെഎസ്ഇബി സബ്സ്റ്റേഷൻ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.  വ്യാഴം രാവിലെ പൊതു ചർച്ചക്ക് സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎയും ഏരിയാസെക്രട്ടറി എം മാധവനും മറുപടി പറഞ്ഞു. കെ വി നവീൻ ക്രഡൻഷ്യൽ റിപ്പോർട്‌ അവതരിപ്പിച്ചു. ബി കെ നാരായണൻ, എ പി കുശലൻ, കെ നാസർ, കെ ജയൻ, ഇ മോഹനൻ, എം സുനിത എന്നിവർ പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി കെ രാജൻ, കെ വി കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റിയംഗം സിജി മാത്യു, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതിക്കായി സി കെ കുമാരനും പ്രസീഡിയത്തിനായി പി ബാലകൃഷ്ണനും നന്ദി പറഞ്ഞു.  വൈകിട്ട്‌ അഡൂർ പള്ളങ്കോട് സമീപത്ത് നിന്നും ചുവപ്പ്‌ വളണ്ടിയർ മാർച്ചും പൊതു പ്രകടനവും ആരംഭിച്ചു. അഡൂർ ടൗൺ‌ പരിസരത്തെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ  പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി എം മാധവൻ അധ്യക്ഷനായി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം സോഫിയ മെഹർ, ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ രാജൻ, ജില്ലാ കമ്മിറ്റിയംഗം സിജി മാത്യു എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ എ ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.       Read on deshabhimani.com

Related News