പുലി "കുടുങ്ങി' മൊബൈൽ കാമറയിൽ
ഇരിയണ്ണി കാറഡുക്ക, മുളിയാർ വനമേഖലയിൽ മാസങ്ങളായി പുലി സാന്നിധ്യമുണ്ട്. പലരും പുലിയെ കണ്ടതായും പറയുന്നു. എന്നാലിതാ കഴിഞ്ഞദിവസം പുലി മൊബൈൽ കാമറയിൽ കുടുങ്ങി. ഇരിയണ്ണി കുറ്റിയടുക്കത്ത് കണ്ട പുലിയെയാണ് നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയത്. ഇതുവഴി ഓട്ടോയിൽ എത്തിയവരാണ് വീഡിയോ എടുത്തത്. വ്യാപകമായി ഷെയർ ചെയ്‌ത വീഡിയോയിൽ വലിപ്പമുള്ള പുലിയെയാണ് കാണുന്നത്. ഇരിയണ്ണിയിൽ നിന്ന് ചമ്പിലാങ്കൈ റോഡിൽ കാറിൽ യാത്ര ചെയ്ത ഡോക്ടറും പുലിയെ കണ്ടിരുന്നു. ഇരിയണ്ണിയിൽ ഒരാഴ്ച മുമ്പ് ഹോട്ടലിലേക്ക് വരികയായിരുന്ന വീട്ടമ്മയുടെ മുന്നിലേക്ക് പുലി ചാടി വീണിരുന്നു. പഞ്ചായത്തിലെ കുണ്ടൂച്ചിയിൽ വെള്ളിയാഴ്ച പുലിയിറങ്ങി. കുണ്ടൂച്ചിയിലെ കുമാരന്റെ കോഴിയെ പിടികൂടിയതായി നാട്ടുകാർ പറഞ്ഞു. ഇതേ പ്രദേശത്ത് നാല് ദിവസം മുമ്പ് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടിരുന്നു. -പുലിക്കൂട് രണ്ടെണ്ണമായി എരിഞ്ഞിപ്പുഴ മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിൽ പുലി സാന്നിധ്യം കൂടി വരുന്നതിനാൽ വനം വകുപ്പ് ഒരു പുലിക്കൂട് കൂടി സ്ഥാപിച്ചു. മുളിയാർ പഞ്ചായത്തിലെ ഓലത്തുകായയിലാണ് പുതിയ കൂട് സ്ഥാപിച്ചത്. പുലി സാന്നിധ്യമുള്ള ലക്ഷ്മി വെങ്കടേശ്വരന്റെ സ്ഥലത്താണ് കൂടൊരുക്കിയത്. വനനിയമ പ്രകാരം കാടിനകത്ത് കൂട് സ്ഥാപിക്കാൻ കഴിയില്ല. രണ്ടാമത്തെ കൂട് പയസ്വിനി പുഴയോരത്തെ അടുക്കത്തൊട്ടിയിലാണ്. മുളിയാർ പഞ്ചായത്തിൽ മാത്രം കൂട് സ്ഥാപിക്കാനുള്ള അനുമതിയാണ് ലഭ്യമായത്. കാറഡുക്ക പഞ്ചായത്തിൽ സ്ഥാപിക്കാൻ അനുമതി ഉടൻ ലഭിക്കും. - വനം വകുപ്പിന്റെ "പുലി' ഡ്രൈവ് ബോവിക്കാനം കാറഡുക്ക സെക്ഷനിൽെ വിവിധ പ്രദേശങ്ങളിൽ വനം വകുപ്പ് ഞായറാഴ്ച പുലി ഡ്രൈവ് സംഘടിപ്പിച്ചു. വനഭാഗത്തോട് ചേർന്നുള്ള നവാസ കേന്ദ്രങ്ങളിൽ പുലി ഇറങ്ങുന്നതിന്റെ ഭാഗമായാണ് ഡ്രൈവ്. ജനവാസ മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്ത് പോലും പുലിയെ കണ്ട സംഭവമുണ്ടായി. ബ്ലോക്ക് പഞ്ചായത്തിന്റെ ആനവേലിയുടെ ഭാഗമായി കാട്ടാനശല്യം കുറഞ്ഞതോടെ വനഭാഗങ്ങളിൽ പുലി താവളമാക്കിയിട്ടുണ്ട്. - വഴികൾ നന്നാക്കി നാട്ടുകാർ മുള്ളേരിയ പുലി ശല്യം വർധിച്ചതോടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വനം വകുപ്പ് പരിധിയിലെ റോഡുകളിലെ കാട് വൃത്തിയാക്കാൻ അനുമതി നൽകി. ഇരിയണ്ണി, കൊട്ടംകുഴി എന്നിവിടങ്ങളിൽ നാട്ടുകാർ വഴിയരിക് വൃത്തിയാക്കി. പടമെടുത്തോ ‘പട’ മാകരുത് കാസർകോട് പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുന്നത് അപകടമെന്ന് വനം വകുപ്പ്. മൃഗങ്ങളുടെ അടുത്തേക്ക് പോകുമ്പോൾ സൂക്ഷിക്കണം. മൃഗങ്ങളെ പിന്തുടർന്ന് ഫോട്ടോയും വീഡിയോ പകർത്തുന്നത് കുറ്റകരമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. Read on deshabhimani.com