കാഞ്ഞങ്ങാട്ട് നോട്ട് പറന്നുവന്നു; പൊലീസിൽ ഏൽപിച്ചു
കാഞ്ഞങ്ങാട് ചുമ്മാതിരിക്കുമ്പോൾ 500 രൂപ നോട്ട് പറന്നുവന്നാൽ നമ്മളെന്ത് ചെയ്യും? ആദ്യമൊന്ന് അമ്പരന്നുപോകും. പിന്നാലെ ഓടി നോട്ടുകൾ പെറുക്കിയെടുക്കും. സംഗതി സ്വപ്‌നത്തിലൊന്നുമല്ല; കാഞ്ഞങ്ങാട്ട് ബുധനാഴ്‌ച ഉച്ചക്കാണ് രസകരമായ സംഭവം നടന്നത്. നോർത്ത് കോട്ടച്ചേരിയിൽ മലനാട് ബാറിന് കിഴക്കുഭാഗത്ത് റോഡിലാണ് 500 രൂപയുടെ നോട്ടുകൾ പറന്നുവീണത്. ഇതുകണ്ടവർ ഓടിയെത്തിയെങ്കിലും പ്രശ്നമാകുമോയെന്ന ആശങ്കയിൽ പെറുക്കാൻ മടിച്ചു. എന്നാൽ അവിടെയുണ്ടായിരുന്ന കാഞ്ഞങ്ങാട് സൗത്തിലെ പ്രദീപൻ നോട്ടുകളെല്ലാം ശേഖരിച്ച് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. മൊത്തം എട്ടായിരം രൂപയുണ്ടായിരുന്നു. ഇവിടെ നോട്ടുകൾ എങ്ങനെ പറന്നുവന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരമൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഏതെങ്കിലും ഓടുന്ന വാഹനത്തിൽനിന്ന് നോട്ടെണ്ണുന്നതിനിടെ പറന്നതാണോ എന്നാണ് സംശയിക്കുന്നത്. എന്നാൽ ആരും പരാതിയുമായി പൊലീസിൽ വരാത്തതിനാൽ ദുരൂഹത നിലനിൽക്കുകയാണ്. Read on deshabhimani.com