കേട്ടതല്ല, കഴിച്ചറിഞ്ഞു പുത്തരി സദ്യ
പിലിക്കോട് പാടത്തുവിളഞ്ഞ പുന്നെല്ലിനെ വരവേറ്റ് അതിന്റെ പുത്തരിയുണ്ട് നാട്ടുകൂട്ടം ഒരുമിച്ചാലോ. അതിനും പുന്നെല്ലിൻ സുഗന്ധം പോലെ ഒരുമയുടെ സുഗന്ധമുണ്ട്. തെക്കേ മാണിയാട്ട് അനശ്വര റീഡിങ് റൂം ആൻഡ് ലൈബ്രറിയാണ് പുത്തരി സദ്യയൊരുക്കിയത്. പുത്തരിച്ചോറിനൊപ്പം പച്ച നേന്ത്രക്കായ ചേർത്ത കോഴിക്കറിയും എരിശേരിയും ചേർന്ന സദ്യയുണ്ണാൻ നാട്ടുകാരെല്ലാരുമെത്തി. നെല്ല് വിളഞ്ഞ് കൊയ്ത്ത് കഴിഞ്ഞ് കറ്റ മെതിച്ച് നെല്ല് പുഴുങ്ങി അരിയാക്കിയാൽ ആദ്യം അത് ഉണ്ണുന്നതിനെ വല്യ പുത്തരി എന്നാണ് വിശേഷിപ്പിരുന്നത്. മൂന്ന് നാല് കറികളും പുത്തരിക്കുണ്ടാവും. വല്യ പുത്തരി ഉണ്ണുന്ന കാലമൊക്കെകഴിഞ്ഞു. എങ്കിലും ഇല്ലായ്മയുടെ നാളുകളിൽ നാലുകറി കൂട്ടി പുതിയ നെല്ലിൻ അരികൊണ്ടുള്ള ചോറ് ആദ്യമുണ്ട സുഖമുള്ള ഗതകാല സ്മരണയാണ് 50 സെന്റിൽ ഗ്രന്ഥാലയവും വനിതാവേദിയും വിളയിച്ച നെല്ല് കണ്ടപ്പോൾ പ്രവർത്തകരുടെ മനസിൽ നിറഞ്ഞത്. ഉടൻ തീരുമാനമെടുത്തു. തങ്ങൾ വിളയിച്ച പുത്തരിയിൽ നാട്ടുകാർക്കെല്ലാം സദ്യ. കൃഷിഭവനിൽനിന്നും ലഭിച്ച ‘ആയിരംമേനി’ നെല്ലാണ് വിളവെടുത്തത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വേണുഗോപാലൻ 'പുതുനെല്ലും പുത്തരിയും'പരിപാടി ഉദ്ഘാടനം ചെയ്തു. വി ബാലചന്ദ്രൻ അധ്യക്ഷനായി. പി സത്യനാഥൻ കിനാത്തിൽ,പി വി ഉണ്ണിരാജൻ, കെ ലക്ഷ്മണൻ, പി വി സരിത, പി പി രാജേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com