വലയും മനവും നിറച്ച് ചെമ്മീൻ ചാകര
ചെറുവത്തൂർ നീണ്ട ഇടവേളയ്‌ക്കുശേഷം കടലിലെത്തി മീൻപിടിത്തത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ ചാകര. പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾക്കാണ് ട്രോളിങ് നിരോധന കാലത്ത് ചാകര ലഭിച്ചത്. നിറയെ ചെമ്മീനുകളുമായി ബുധൻ രാവിലെയോടെ വള്ളങ്ങൾ മടക്കര ഹാർബറിലെത്തി. 500 മുതൽ 2000 കിലോ വരെ പൂവാലൻ ചെമ്മീനുമായാണ് വള്ളങ്ങൾ എത്തിയത്. ഒരിക്കൽ ചെമ്മീനുമായി എത്തിയ പല വള്ളങ്ങളും വീണ്ടും കടലിൽ പോയി ചെമ്മീനുമായി തിരിച്ചെത്തി. ചെമ്മീൻ ചാകരയും വിലക്കുറവും സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും പ്രചരിച്ചതോടെ ചെമ്മീൻ വാങ്ങാൻ ദൂര സ്ഥലങ്ങളിൽ നിന്നുപോലും ആളുകളും മൊത്തക്കച്ചവടക്കാരും വാഹനങ്ങളിലും മറ്റുമായി എത്തി. കടൽ ക്ഷോഭവും പ്രതികൂല കാലാവസ്ഥയും കാരണം പരമ്പരാഗത വള്ളങ്ങൾക്ക് കടലിൽ പോകാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ട്രോളിങ് നിരോധനം നിലവിലുണ്ടായിരുന്നെങ്കിലും പരമ്പരാഗത വള്ളങ്ങൾക്ക് തടസമുണ്ടായിരുന്നില്ല. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം രണ്ട് മാസത്തോളമായി ഇവർക്ക് കടലിൽ പോകാനായില്ല. മഴ കുറഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം കടലിൽ പോയത്. കടൽ ക്ഷോഭത്തിനുശേഷം കടൽ ശാന്തമായാൽ സാധാരണ ചാകര ലഭിക്കാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ട്രോളിങ് നിരോധനം 31ന് അർധ രാത്രിയാണ് അവസാനിക്കുക. Read on deshabhimani.com