മഞ്ഞപ്പടയുടെ വലകുലുക്കി 
താരമായി വിഷ്ണു



കാസർകോട്‌  ഐഎസ്‌എൽ ഫുട്‌ബോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്‌, ഈസ്റ്റ്‌ ബംഗാൾ പോരാട്ടത്തിൽ മഞ്ഞപ്പടയുടെ വലകുലുക്കി താരമായി കുന്നൂച്ചി സ്വദേശി പി വി വിഷ്ണു. ഐഎസ്‌എല്ലിൽ ഇത്‌ രണ്ടാം തവണയാണ്‌ ഈസ്റ്റ്‌ ബംഗാൾ എഫ്‌സിക്കുവേണ്ടി വിഷ്‌ണു ബൂട്ടണിഞ്ഞത്‌. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കളിയുടെ രണ്ടാം പകുതിയിലായിരുന്നു വിഷ്ണുവിന്റെ വരവ്‌. ഗോൾ രഹിത സമനിലയായി തുടർന്ന കളിയിൽ 58–-ാം മിനുട്ടിൽ വിഷ്ണുവിന്റെ ടാപ്‌ ഇൻ ഷോട്ടിലൂടെയാണ്‌ ആദ്യ ഗോൾ പിറന്നത്‌. ആദ്യ കളിയിലെ തോൽവിക്കുശേഷം വിജയം പ്രതീക്ഷിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്‌ ആ ഗോൾ അപ്രതീക്ഷിതമായിരുന്നു.  പിന്നീട്‌ ബ്ലാസ്റ്റേഴ്‌സ്‌ 63–-ാം മിനുട്ടിൽ നോവ സദൂയിയിലൂടെയും 88–-ാം മിനുട്ടിൽ ക്വാമെ പെപ്രയിലൂടെയും ഗോളുകൾ നേടി കളിയിൽ വിജയിച്ചു. ടീം തോറ്റെങ്കിലും സുപ്രധാന നിമിഷത്തിലെ വിഷ്ണുവിന്റെ ഗോൾ കായിക ലോകത്ത്‌   ചർച്ചയായി. പനയാൽ സ്കൂളിലായിരുന്നു വിഷ്ണുവിന്റെ പ്രൈമറി വിദ്യാഭ്യാസം. സ്കൂൾ കാലത്തേ ഫുട്‌ബോൾ കളിക്കും. അഞ്ചാം ക്ലാസിലെത്തിയപ്പോൾ സ്പോർട്‌സ്‌ കൗൺസിൽ സെക്‌ഷൻ ലഭിച്ചു.  ഒരുവർഷം ഇടുക്കിയിൽ പരിശീലനം.  ഏഴ്‌ മുതൽ 10 വരെ തച്ചങ്ങാട്‌ ഹൈസ്കൂളിലും പ്ലസ്‌ടു പെരിയ ജിഎച്ച്‌എസ്‌എസിലുമായിരുന്നു. കുന്നൂച്ചി സഫ്‌ദർ ഹഷ്മി ക്ലബിലും ഷൂട്ടേഴ്‌സ്‌ പടന്നയിലുമാണ്‌  കളിച്ചുതുടങ്ങിയത്‌. പയ്യന്നൂർ കോളേജിൽ ബിരുദത്തിന്‌ പഠിക്കുമ്പോഴാണ്‌ സന്തോഷ്‌ ട്രോഫി കേരള ടീമിലേക്കും ദേശീയ ഗെയിംസ്‌ ടീമിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത്‌. കേരള പ്രീമിയർ ലീഗിൽ ലൂക്കാ സോക്കർ, മുത്തൂറ്റ്‌ എഫ്‌സി ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്‌. അണ്ടർ 23 ഇന്ത്യൻ ടീമിലും കളിച്ചിട്ടുണ്ട്‌. പനയാൽ കുന്നൂച്ചിയിലെ കെ ദിവാകരന്റെയും സത്യഭാമയുടെയും മകനാണ്‌ വിഷ്ണു. ഐഎസ്‌എലിൽ 27ന്‌ കെൽക്കത്തയിൽ എഫ്‌സി ഗോവക്കെതിരെയാണ്‌ വിഷ്ണുവിന്റെ ടീമിന്റെ അടുത്ത മത്സരം.    Read on deshabhimani.com

Related News