തേജസ്വിനിയിൽ 
ആവേശം ഓളംതല്ലും

അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം തേജസ്വിനി പുഴയിൽ ചുരുളൻ വള്ളത്തിൽ പരിശീലനം നടത്തുന്നവർ


ചെറുവത്തൂർ അച്ചാംതുരുത്തിയിൽ തേജസ്വിനിപ്പുഴയെ പുളകമണിയിച്ച്‌ നടക്കുന്ന ഉത്തരമലബാർ ജലോത്സവത്തിനുള്ള ടീമുകളുടെ ഒരുക്കം തേജസ്വിനി പുഴയിൽ പുരോഗമിക്കുന്നു.  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത്, ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന്‌ കേരളപ്പിറവി ദിനത്തിലാണ്‌ ജല മാമാങ്കം. മത്സരത്തിനുള്ള ടീമുകളുടെ അവസാനഘട്ട തുഴച്ചിൽ പരിശീലനം തേജസ്വിനിപ്പുഴയിൽ  നടന്നുവരികയാണ്‌. ജലരാജപ്പട്ടം സ്വന്തമാക്കാനുള്ള തീവ്ര പരിശീലനമാണ് നടക്കുന്നത്. കോട്ടപ്പുറം പാലത്തിന് സമീപം വൈകിട്ടാണ് ചുരുളൻ വള്ളങ്ങളുടെ പരിശീലനം.  പുരുഷ  ടീമുകൾക്കൊപ്പം വനിതാ ടീമുകളും പരിശീലനം നടത്തുന്നുണ്ട്‌. ആലപ്പുഴയിൽ നിന്നും പരിശീലകരെ എത്തിച്ചും നാട്ടിലെ മുതിർന്ന തുഴച്ചിൽക്കാരുടെയും നേതൃത്വത്തിലാണ്‌ പരിശീലനം. പരിശീലനം കാണാൻ നിരവധി പേർ  എത്തി തുഴച്ചിലുകാർക്ക്‌ ആവേശം പകരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വള്ളങ്ങൾ നീറ്റിലിറക്കി  ജലോത്സവത്തിന്റെ വരവറിയിക്കും.   കരുത്തോടെ 14 ടീം പലതവണ കരുത്ത്‌ തെളിയിച്ച 14 ടീമുകളാണ്‌ ഇത്തവണ മത്സര രംഗത്തുള്ളത്‌.  വയൽക്കര മയിച്ച, എ കെ ജി പൊടോത്തുരുത്തി, വിഷ്ണുമൂർത്തി ബോട്ട് ക്ലബ് കുറ്റിവയൽ, ന്യൂ ബ്രദേഴ്‌സ് മയിച്ച, അഴീക്കോടൻ അച്ചാംതുരുത്തി, റെഡ്‌സ്റ്റാർ കാര്യങ്കോട്, പാലിച്ചോൻ അച്ചാംതുരുത്തി, കൃഷ്ണപിള്ള കാവുഞ്ചിറ, ഇ എം എസ് മുഴക്കീൽ, എ കെ ജി മയ്യിച്ച, വയൽക്കര വെങ്ങാട്ട് എന്നിവയാണ്  പ്രധാന ടീമുകൾ. എ കെ ജി പൊടോത്തുരുത്തി, പാലിച്ചോൻ അച്ചാംതുരുത്തി, കൃഷ്ണപിള്ള കാവുംചിറ എന്നിവയുടെ ബി ടീമുകളും മത്സരിക്കാനുണ്ട്.  പുരുഷന്മാരുടെ 25 പേർ തുഴയും മത്സരത്തിൽ 13 ടീമുകളും 15 പേർ തുഴയും മത്സരത്തിൽ 14 ടീമുകളും പുഴയിലറങ്ങും. പലവർഷങ്ങളിലായി കപ്പുയർത്തിയ ടീമുകൾ മാറ്റുരക്കാനിറങ്ങുമ്പോൾ ഇത്തവണ ജലോത്സവം ആവേശ കൊടുമുടിയിലെത്തും. വിദേശ ടൂറിസ്‌റ്റുകളിലും 
പ്രതീക്ഷ ജലോത്സവം  ആസ്വദിക്കാൻ വിദേശ ടൂറിസ്‌റ്റുകളുമെത്തും എന്ന പ്രതീക്ഷയിലാണ്‌ സംഘാടകർ. അച്ചാംതുരുത്തിയും തൊട്ടടുത്ത കോട്ടപ്പുറവും ഹൗസ്‌ ബോട്ടുകളുടെ ഹബ്ബാണ്‌. കായലിന്റെയും കരയുടെയും സൗന്ദര്യം ആസ്വദിക്കാൻ ഹൗസ്‌ബോട്ടുകളിൽ നിരവധി വിദേശികൾ എത്താറുണ്ട്‌.  ജലോത്സവ വേളയിലും ഹൗസ്‌ബോട്ടുകളിൽ സവാരി നടത്താൻ ടൂറിസ്‌റ്റുകൾ എത്താനുള്ള സാധ്യത ഏറെയാണ്‌.  Read on deshabhimani.com

Related News