അവനെത്തി 
അമ്മത്തണലിൽ



കാഞ്ഞങ്ങാട് അമ്മയെത്തേടി അനാഥാലയത്തിൽനിന്ന്  150 കിലോമീറ്ററിലേറെ ബസ്സിൽ യാത്രചെയ്ത് പന്ത്രണ്ടുകാരൻ കാഞ്ഞങ്ങാട്ടെത്തി. അമ്മയുടെ താമസ സ്ഥലം കണ്ടെത്താനാകാതെ വലഞ്ഞ കുട്ടിക്ക്  പൊലീസും ഹോംഗാർഡും തുണയായി. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് നഗരത്തിൽ സങ്കടപ്പെട്ടുനിൽക്കുന്ന കുട്ടിയെ പൊലീസ്‌ കണ്ടെത്തുകയായിരുന്നു. കട വരാന്തയിലുണ്ടായിരുന്ന സുള്ള്യയിൽനിന്നുള്ള കുട്ടിയോട് ഹോംഗാർഡും പൊലീസും കാര്യമന്വേഷിച്ചപ്പോഴാണ് അമ്മയെ അന്വേഷിച്ചുവന്നതാണെന്ന് വ്യക്തമായത്.  തുടർന്ന്‌ അമ്മയുടെ അടുത്തെത്താൻ പൊലീസ്‌ സഹായിച്ചു. അച്ഛന്റെ  മരണശേഷം അമ്മ രണ്ടാം വിവാഹം ചെയ്ത്  കാഞ്ഞങ്ങാട് ഭാഗത്തേക്ക് താമസം മാറുകയായിരുന്നു. ഇതോടെയാണ് കുട്ടി അനാഥാലയത്തിലായത്. അമ്മയെ വേർപിരിഞ്ഞു നിൽക്കുന്നത് സഹിക്കാനാവാതെയാണ് കുട്ടി കാഞ്ഞങ്ങാട്ടെത്തിയത്. ഹോം ഗാർഡ് ചന്ദ്രനാണ്‌ കുട്ടിയെക്കുറിച്ചുള്ള വിവരം പൊലീസ് സ്റ്റേഷനിലറിയിച്ചത്‌. നേരം എത്ര വൈകിയാലും അമ്മയുടെ താമസ സ്ഥലം കണ്ടുപിടിച്ച്‌ അവിടെയെത്തിക്കുമെന്ന്‌ പൊലീസ്‌ കുട്ടിക്ക്‌ ഉറപ്പുനൽകി. അന്വേഷണത്തിനൊടുവിൽ അമ്മ താമസിക്കുന്ന സ്ഥലം കണ്ടെത്തി മകനെ അവരെ ഏൽപ്പിച്ചശേഷം പൊലീസ് സംഘം മടങ്ങി.   Read on deshabhimani.com

Related News