ഇല്ല... എന്നിട്ടും നമുക്കാ ട്രെയിൻ!



കാസർകോട്‌ വടക്കേ മലബാറിലെ യാത്രാദുരിതം പരിഹരിക്കാൻ അനുവദിച്ച - ഷൊർണൂർ–- കണ്ണൂർ എക്‌സ്‌പ്രസ്‌ ഇനിയും ജില്ലയിലേക്കില്ല. നാലുദിവസം സർവീസുണ്ടായിരുന്ന ട്രെയിൻ പ്രതിദിനമാക്കി കഴിഞ്ഞദിവസം ഉത്തരവിറങ്ങി. കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടണമെന്ന കാസർകോട്ടുകാരുടെ ആവശ്യമാണ്‌ റെയിൽവേ അവഗണിച്ചത്‌.  ജൂലൈയിൽ ഒരു മാസത്തേക്കാണ്‌ പരീക്ഷണാർഥം ട്രെയിൻ സർവീസ്‌ ആരംഭിച്ചത്‌. തിരക്ക്‌ തുടരുന്നതിനാൽ ഒക്‌ടോബറിലേക്കും ഇപ്പോൾ പ്രതിദിനമായി ഡിസംബർ വരെയും നീട്ടി. രാവിലെ 8.10നാണ്‌ ഷൊർണൂരിലേക്ക്‌ ട്രെയിൻ (06031) കണ്ണൂരിൽനിന്നും പുറപ്പെടുന്നത്‌. 11.45ന്‌ ഷൊർണൂരിലെത്തും. തിരിച്ച്‌ (06032) പകൽ മൂന്നിന്‌ ഷൊർണൂരിൽനിന്നും ആരംഭിച്ച്‌ രാത്രി 7.25ന്‌ കണ്ണൂരുമെത്തും. രണ്ട്‌ സർവീസും രണ്ടര മണിക്കൂർ കൂടി നീട്ടിയാൽ മംഗളൂരുവരെ സർവീസ്‌ നടത്താനാകും. മംഗളൂരുവിലേക്ക്‌ സാധ്യതയില്ലെങ്കിൽ കാസർകോട്ട്‌, വന്ദേഭാരത്‌ നിർത്തിയിട്ട ട്രാക്കുണ്ട്‌. അതല്ലെങ്കിൽ ഉപ്പളയിലും സൗകര്യമുണ്ട്‌.  ദുരിതയാത്രക്ക്‌ അറുതിയില്ല നിലവിൽ മംഗളൂരു ഭാഗത്തേക്ക്‌ സ്ഥിരം യാത്രക്കാർ ദുരിത യാത്ര താണ്ടുകയാണ്‌. ട്രെയിൻ സമയത്തിന്റെ അശാസ്‌ത്രീയത കാരണം ഉച്ചകഴിഞ്ഞ്‌ മണിക്കൂറുകൾ സ്‌റ്റേഷനിൽ കാത്തുകിടക്കേണ്ട അവസ്ഥയുമാണ്‌. ഇപ്പോൾ വൈകിട്ട് 5.10 ന്‌ നേത്രാവതി എക്‌സ്‌പ്രസ്‌  കോഴിക്കോട് നിന്നും പോയിക്കഴിഞ്ഞാൽ കാസർകോട് അടക്കമുള്ള കണ്ണൂരിനിപ്പുറമുള്ള വടക്കൻ പ്രദേശത്തേക്ക്  ട്രെയിനില്ല. പിന്നെയുള്ള  ട്രെയിൻ പിറ്റേന്ന് പുലർച്ചെ  ഒന്നിനുള്ള വെസ്റ്റ് കോസ്റ്റ്  മാത്രമാണ്. അതേസമയം കണ്ണൂർ വരെ രാത്രി എക്സിക്യൂട്ടീവ് എക്സ്പ്രസും  ജനശതാബ്ദി എക്സ്പ്രസും തെക്കുനിന്നുണ്ട്‌. ശേഷം കാസർകോട്ടുകാർ കണ്ണൂരിൽ തങ്ങണം.  വൈകിട്ട് തിരിച്ചും ഇതാണവസ്ഥ. മലബാർ എക്സ്പ്രസിന് ശേഷം മംഗളൂരുവിൽനിന്ന്‌ കണ്ണൂർ കോഴിക്കോട് ഭാഗത്തേക്ക് രാത്രി 11.45ന്‌ മാത്രമെ ട്രെയിനുള്ളൂ. മംഗളൂരു ആശുപത്രി ആവശ്യത്തിനടക്കം പോയവർ രാത്രിയിൽ വലയുകയാണ്‌. കണ്ണൂരിൽനിന്ന്‌ വടക്കോട്ട്‌ രാവിലെ എട്ടിനുള്ള മംഗളൂരു എക്‌സ്‌പ്രസ്‌ കഴിഞ്ഞാൽ 9.15 നുള്ള ചെന്നൈ മെയിൽ മാത്രമാണ്‌ നിലവിൽ ആശ്രയം. ഇതുകഴിഞ്ഞാൽ 10.45 നുള്ള ഇന്റർസിറ്റി വരെ കാക്കണം. ഇന്റർസിറ്റി കഴിഞ്ഞാൽ പിന്നെ 2.15നുള്ള ഏറനാടാണ്‌. തിരിച്ച്‌ കണ്ണൂർ ഭാഗത്തേക്കും ഇതേ അവസ്ഥ. രാവിലെ 8.23 നുള്ള കണ്ണൂർ എക്‌സ്‌പ്രസ്‌ കഴിഞ്ഞാൽ പത്തിനുള്ള കോയമ്പത്തൂർ എക്‌സ്‌പ്രസാണ്‌. 11.45ന്‌ ഇന്റർസിറ്റിയുണ്ട്‌. അതുകഴിഞ്ഞാൽ 2.35ന്‌ ചെന്നൈ മെയിലും മാത്രമാണ്‌ ദിവസവണ്ടി. മികച്ച വരുമാനം എന്നിട്ടും! ദക്ഷിണ റെയിൽവേയിൽ മികച്ച വരുമാനമുണ്ടാക്കിയ റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ കാസർകോടിന്‌ 33ഉം കാഞ്ഞങ്ങാടിന്‌ 58ഉം സ്ഥാനമുണ്ട്‌.  സംസ്ഥാനത്ത് കാസർകോട് 15ഉം കാഞ്ഞങ്ങാട് 25ഉം സ്ഥാനമാണ്‌. വന്ദേഭാരത് കൂടി വന്നതോടെ തലശേരിയെ മറികടന്ന്‌ കാസർകോടിന്റെ വരുമാനം വർധിച്ചു.   24.03 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞവർഷം കാസർകോട് സ്റ്റേഷനെ ആശ്രയിച്ചത്. 33.59 കോടിയായിരുന്നു വരുമാനം. ഇത് 47 കോടിയായി ഉയർന്നു. കാഞ്ഞങ്ങാട്ടെ വരുമാനം 16.75 കോടിയിൽ നിന്ന് 18.23 കോടിയായി. ഈ വരുമാനക്കണക്കുണ്ടാകുമ്പോഴും അവഗണന തുടരുകയാണ്‌. ഇടപെടേണ്ട എംപിയാകട്ടെ ഇതൊന്നും അറിയുന്നുമില്ല. റെയിൽവേ അവഗണനക്കെതിരെ പ്രതിഷേധം ഉയരണം കാസർകോട്‌ വടക്കൻ കേരളത്തിലെ കടുത്ത യാത്രാദുരിതം പരിഹരിക്കാൻ ഒരിടപെടലും റെയിൽവേ നടത്തുന്നില്ലെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ അനുവദിച്ച കണ്ണൂർ–- ഷൊർണൂർ എക്‌സ്‌പ്രസ്‌ പ്രതിദിനമാക്കിയിട്ടും ജില്ലയിലേക്ക്‌ നീട്ടിയില്ല. ഈ ട്രെയിൻ അനുവദിച്ചപ്പോൾ തന്നെ മംഗളൂരുവിലേക്കോ കാസർകോട്ടേക്കോ നീട്ടണം എന്നാവശ്യം ഉയർന്നതാണ്‌. നിലവിൽ കണ്ണൂരിൽ മണിക്കൂറുകളോളം നിർത്തിയിടുന്ന ട്രെയിനാണിത്‌. എന്നിട്ടും വടക്കോട്ട്‌ നീട്ടാനുള്ള ഇടപെടൽ റെയിൽവേയോ കാസർകോട്ടെ എംപിയോ നടത്തിയില്ല.  കോവിഡിന്‌ ശേഷം രൂക്ഷമായ യാത്രാദുരിതം അതേപോലെ തുടരുകയാണ്‌. ദേശീയപാത നിർമാണ സ്ഥലത്തെ തടസ്സം കാരണം റെയിൽവേ യാത്രയാണ്‌ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്‌. രാവിലെയും വൈകിട്ടും ട്രെയിനിൽ ദുരിതയാത്രയാണിപ്പോൾ. അതിന്‌ വലിയ തോതിൽ പരിഹാരമാകുന്ന കണ്ണൂർ–- ഷൊർണൂർ സർവീസ്‌ അടിയന്തിരമായി കാസർകോട്ടേക്കും നീട്ടണമെന്ന്‌ എം വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. ജനശതാബ്ദിക്ക്‌ കണക്‌ഷനാക്കാം  പുലർച്ചെ 4.50ന്‌ പുറപ്പെടുന്ന കണ്ണൂർ –- തിരുവനന്തപരം ജനശതാബ്ദിക്ക്‌ കണക്‌ഷൻ കിട്ടുന്ന രീതിയിൽ മംഗളൂരുവിൽനിന്ന്‌ ഈ ട്രെയിൻ പുറപ്പെട്ടാൽ ഏറെ ഗുണമാകും.  ഫലത്തിൽ കാസർകോട്ടുകാർക്ക്‌ തിരുവനന്തപുരത്തേക്ക്‌ ഒരു പകൽ ട്രെയിൻകൂടി കിട്ടും. തിരിച്ച്‌ വൈകിട്ട്‌ 7.40 ന്‌ കണ്ണൂരിലെത്തി കെട്ടിക്കിടക്കുന്ന ട്രെയിൻ മംഗളൂരുവിലേക്ക്‌ നീട്ടിയാൽ റെയിൽവേക്ക്‌ വരുമാനവും കിട്ടും.   Read on deshabhimani.com

Related News