റോഡിലെ കുഴിയിൽ വീണ കാർ കടയിലേക്ക് പാഞ്ഞുകയറി

ഉദുമ പള്ളം പഞ്ചായത്ത് ഓഫീസിന് സമീപം കലുങ്കിലെ കുഴിയിൽ വീണ കാർ നിയന്ത്രണം തെറ്റി കടയിലേക്ക് പാഞ്ഞുകയറിയ നിലയിൽ


ഉദുമ റോഡിലെ കലുങ്കിന്‌ മുകളിലെ കുഴിയിൽ വീണ കാർ നിയന്ത്രണം തെറ്റി കടയിലേക്ക് പാഞ്ഞുകയറി. വിൽപ്പനക്കുവച്ച നാലുകാറുകൾ തകർന്നു. രണ്ടുപേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഉദുമ പള്ളം പഞ്ചായത്ത് ഓഫീസിന് സമീപം വെള്ളി പുലർച്ചെ അഞ്ചിനാണ് അപകടം.  പാലക്കുന്ന്  ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന കാറാണ് കുഴിയിൽ വീണത്. കാറിന്റെ ചക്രം മുറിഞ്ഞശേഷം സോളാർ വിളക്കുകാലിൽ ഇടിച്ച് സമീപത്തെ പ്രവീൺ പാക്യാരയുടെ ഉടമസ്ഥതയിലുള്ള എഎച്ച് യൂസ്ഡ് കാർ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടയുടെ പുറത്ത് വിൽപ്പനയ്‌ക്ക് വച്ച നാല് കാറാണ് തകർന്നത്. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ  കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായി തകർന്നു. മൂന്നു മാസം മുമ്പാണ് റോഡിൽ വൻകുഴി പ്രത്യക്ഷപ്പെട്ടത്. ഒരു മാസം മുമ്പ് ഇവിടെ കെഎസ്ആർടിസിയുടെ ഗ്യാരേജ് ബസ് നിയന്ത്രണം വിട്ട് സമീപത്തെ കോടങ്കൈ ടൂറിസ്റ്റ് ഹോമിലേക്ക് പാഞ്ഞുകയറിയിരുന്നു. അതിന് ശേഷവും നിരവധി അപകടമുണ്ടായി.   കുഴി നന്നാക്കാനെന്ന പേരിൽ റോഡിലെ ഇരു വശങ്ങളിലും കുഴിച്ചിട്ട് അധികൃതർ പോയതോടെ അപകടം വർധിച്ചു.  രാത്രി ഇതുവഴി പോകുന്ന വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കൾവർട്ട് പുതുക്കിപ്പണിയാൻ പൊതുമരാമത്ത്‌ വകുപ്പ്‌ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  കൾവർട്ട് പുതുക്കി പണിയാനുള്ള പ്രവൃത്തി എത്രയും  വേഗം തുടങ്ങണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി പള്ളത്തിൽ പ്രതിഷേധ സമരം നടത്തി.   ആറാട്ട് കടവിലെ വിജയൻ ഒറ്റക്കാലിൽ പ്രതിഷേധ സമരവും നടത്തി.   Read on deshabhimani.com

Related News