മറവിക്കെതിരെ നാട്ടിലെ പാട്ട് അരങ്ങിലേക്ക്
കൊടക്കാട് സമൂഹത്തിൽ അരാഷ്ട്രീയത പ്രബലമാവുന്ന കാലത്ത് പോയകാലത്തെ സമര പോരാട്ടങ്ങളിലൂടെ നാട് ആർജിച്ച നന്മകളെ ഓർമിപ്പിച്ച് ‘നാട്ടിലെ പാട്ട്' അരങ്ങിലേക്ക്. തിമിരി, കുട്ടമത്ത്, കൊടക്കാട് എന്നിവിടങ്ങളിൽ റിഹേഴ്‌സൽ പൂർത്തിയാക്കിയ നാടകം 31 ന് ചെറുവത്തൂർ ഇ എം എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറും. നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ആദ്യ അവതരണത്തിന് നാടകകൃത്ത് എൻ ശശിധരനും മുൻ എംപി കരുണാകരനും എത്തും. മലയാളിയുടെ പൊതുബോധത്തിലും സംസ്‌കാരത്തിലും അരാഷ്ട്രീയത പ്രബലമാവുന്ന കാലത്ത് നാടകം പോലുള്ള കലാരൂപത്തിന് അതിജീവന സാധ്യതയുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കനൽ കാസർകോട് നാട്ടിലെ പാട്ട് അണിയിച്ചൊരുക്കുന്നത്. മറവിക്കെതിരെ ഓർമകളുടെ കലാപം എന്ന നിലയിലാണ് 'നാട്ടിലെപാട്ട് 35 ഓളം നാടക കലാകാരന്മാർ അരങ്ങിലൈത്തിക്കുന്നത്. എൻ ശശിധരന്റെ മികച്ച രചനകളിൽ ഒന്നാണ് നാട്ടിലെ പാട്ട് നാടകം. ജന്മനാടായ കുറ്റ്യാട്ടൂരിന്റെ അനുഭവ പശ്ചാത്തലത്തിലാണ് നാടകം രചിച്ചത്. പോയ കാലത്തിന്റെ നൊമ്പരങ്ങളും ഗ്രാമ്യജീവിതവും സമര പോരാട്ടങ്ങളും വിപ്ലവ സ്മരണകളും പുതിയ കാലത്തിന്റെ വേഷപ്പകർച്ച കൂടാതെ പുനരാവിഷ്‌ക്കരിക്കുകയാണ് നാടകം. വിജേഷ് കാരിയാണ് സംവിധാനം. ജ്യോതി ചന്ദ്രൻ മുളിയാർ, സി അമ്പുരാജ്, സി വി സുകേഷ് കുമാർ, ഒ പി ചന്ദ്രൻ, മധു പള്ളിക്കര, രാമചന്ദ്രൻ പാട്ടത്തിൽ, കെ പി രാമകൃഷ്ണൻ, ദിപീഷ്, ടി വി ബാലൻ, ശശി നടക്കാവ്, പ്രേമചന്ദ്രൻ, ലക്ഷ്മണൻ, ജനാർദ്ദനൻ, ഗോപാലകൃഷ്ണൻ, രവികുമാർ, പ്രമോദ്, ശ്രീധരൻ, മൃദുലഭായി, പി സിന്ധു, ജ്യോതിലക്ഷ്മി തുടങ്ങിയവർ വേഷമിടുന്നു. Read on deshabhimani.com