സുഹൃത്തിനെ കഴുത്തുഞെരിച്ചു കൊന്ന 
തമിഴ്‌നാട് സ്വദേശിക്ക്‌ 16 വർഷം തടവ്‌



കാസർകോട്‌ മദ്യം വാങ്ങിയ പണത്തെച്ചൊല്ലി സുഹൃത്തിനെ കഴുത്തുഞെരിച്ച്‌ കൊന്ന കേസിൽ തമിഴ്‌നാട്‌ സ്വദേശിക്ക് 16 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികം കഠിന തടവും അഡീഷണൽ ജില്ലാ ആൻഡ്‌ സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ മനോജ്‌ വിധിച്ചു. ചെങ്കള സന്തോഷ് നഗറിലെ വാടക കെട്ടിടത്തിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മേസ്ത്രി എന്നുവിളിക്കുന്ന വിജയൻ മേസ്ത്രിയെയാണ് (63) അതേ കെട്ടിടത്തിലെ മറ്റൊരു മുറിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുഗൻ(48) തല ചുമരിനിടിപ്പിച്ചും കൈ കൊണ്ടു കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയത്.  മദ്യം വാങ്ങിയതിന്റെ പൈസ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്‌തർക്കത്തിനൊടുവിലാണ്‌ കൊലപാതകം. 2020 നവംബർ 15നാണ്‌ സംഭവം.  കേസിൽ പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകളും 14 തൊണ്ടിമുതലും  ഹാജരാക്കി.  വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്‌ഐ എം വി വിഷ്ണുപ്രസാദാണ്‌ ആദ്യം കേസ്‌ അന്വേഷിച്ചത്‌.  ഇൻസ്പെക്ടറായിരുന്ന വി വി മനോജാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ,  ആതിര ബാലൻ എന്നിവർ ഹാജരായി.    Read on deshabhimani.com

Related News