മാലിന്യസംസ്കരണ രംഗത്ത് കുതിപ്പേകാൻ അനന്തപുരം പ്ലാന്റ്
കാസർകോട് ജില്ലയിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പ്ലാന്റ് കുമ്പള അനന്തപുരം വ്യവസായ വികസനമേഖലയിൽ ചൊവ്വാഴ്‌ച പ്രവർത്തനമാരംഭിക്കും. ശുചിത്വ മിഷന്റെ അംഗീകൃത സ്ഥാപനമായ ഗ്രീൻവാംസിന്റെ നേതൃത്വത്തിലാണ് പ്ലാന്റ്. ചൊവ്വ രാവിലെ ഒമ്പതിന് മന്ത്രി പി രാജീവ് ഉദ്‌ഘാടനംചെയ്യും. ഒരേക്കറിൽ 10,000 ചതുരശ്ര അടിയിലാണ് നിർമാണം. മാസത്തിൽ 800 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കാം. സംസ്ഥാന സർക്കാരിന്റെ ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയിലൂടെയാണ് പ്ലാന്റ് ആരംഭിക്കുന്നത്. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് നിർമാണവും പ്രവർത്തനവും. ജർമൻ കമ്പനിയായ ക്ലീൻ ഹബും സഹകരിക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് മാലിന്യ സംസ്കരണത്തിന് വിദേശ കമ്പനി സഹകരിക്കുന്നത്. 35 സ്‌ത്രീകളടക്കം നാട്ടുകാരായ 50 സ്ഥിരം തൊഴിലാളികളാണുള്ളത്. ഇവർക്ക് സുരക്ഷാ സംവിധാനങ്ങളും ഇൻഷൂറൻസുമുണ്ട്. 2021 ലാണ് ജില്ലയിൽ ഗ്രീൻവാംസ് പ്രവർത്തനം ആരംഭിച്ചത്. ചെമ്മനാട് പഞ്ചായത്തിലെ മാലിന്യമാണ് ശേഖരിച്ചിരുന്നത്. നിലവിൽ ചെമ്മനാട്, അജാനൂർ, ഉദുമ, ചൈങ്കള, എൻമകജെ, കുമ്പള, മംഗൽപാടി പഞ്ചായത്തുകളുമായി കരാറുണ്ട്. ജില്ലയിൽ ഹരിതകർമസേന ശേഖരിക്കുന്ന 400 ടണ്ണിൽ പകുതിയും ഗ്രീൻവാംസാണ് എടുക്കുന്നത്. 2014 ൽ കോഴിക്കോട്ടാണ് ഗ്രീംവാംസിന്റെ ആദ്യ കേന്ദ്രം ആരംഭിക്കുന്നത്. നിലവിൽ കാസർകോട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഏഴ് സെന്റർ പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ 128 പഞ്ചായത്തുകളിലും കൊച്ചി തിരുവന്തപുരം കോർപറേഷനുകളിൽനിന്നും മാലിന്യം ശേഖരിക്കുന്നു. മാസം 5000 മെട്രിക് ടൺ അജൈവ മാലിന്യമാണ് കൈകാര്യം ചെയ്യുന്നത്. താമരശേരി സ്വദേശി ജാസിർ കാരാട്ടാണ് പ്ലാന്റിന്റെ സ്ഥാപകനും സിഇഒയും. അജൈവ മാലിന്യം ഇന്ധനമാക്കും കാസർകോട് പഞ്ചായത്തുകളിൽനിന്നും ഹരിതകർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യമാണ് പ്ലാന്റിൽ എത്തിക്കുന്നത്. ഹരിത കർമസേനാംഗങ്ങൾക്ക് പരിശീലനവും ക്ലാസും നൽകിയിട്ടുണ്ട്. മാലിന്യങ്ങളെ പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്നവയും അല്ലാത്തതുമായി തരംതിരിക്കും. തരംതിരിച്ചവയെ പ്രത്യേക മെഷീനിലൂടെ കടത്തിവിടുകയും ചതച്ച് ബോക്‌സാക്കും. പുനരുൽപാദിക്കാൻ കഴിയുന്നവ കണ്ണൂരിലെ എസ്‌ഐഡിസി വ്യവസായ മേഖലയിലെ കമ്പനിയിലേക്ക് കൈമാറും. അല്ലാത്തവയെ സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് ഫാക്ടറികളിലേക്ക് ഇന്ധന നിർമാണത്തിനായും കൈമാറും. Read on deshabhimani.com