ഗുമസ്‌തന്റെ കുപ്പായം അഴിച്ചു; ഇനി അഭിഭാഷക വേഷത്തിൽ
കാഞ്ഞങ്ങാട് മൂന്നുപതിറ്റാണ്ടുകാലത്തെ വക്കീൽ ഗുമസ്‌തന്റെ കുപ്പായം അഴിച്ചു; ഗംഗാധരൻ ഇനി അഭിഭാഷക വേഷത്തിൽ. ഹൊസ്‌ദുർഗ് ബാറിലെ അഭിഭാഷക ക്ലാർക്കായി മുപ്പതുവർഷത്തോളം പ്രവർത്തിച്ച നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി ഗംഗാധരനാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ അഭിഭാഷകനായി എൻറോൾചെയ്‌തത്. പരേതനായ എ മമ്മൂട്ടിയുടെ ഓഫീസിലെ ജൂനിയർ ക്ലാർക്കായിട്ടാണ് പ്രീഡിഗ്രി കഴിഞ്ഞ ഗംഗാധരൻ 1992 ൽ കാഞ്ഞങ്ങാട്ടെത്തുന്നത്. പിന്നീട് അഡ്വ. ജീവാനന്ദിന്റെ ഓഫീസിലേക്ക് മാറി. ജീവാനന്ദിന് ഒരു അപകടത്തെ തുടർന്ന് ഓഫീസിൽ വരാൻ കഴിയാതായി. ഒന്നര വർഷം ഗംഗാധരൻ അനേകം കേസുകളുള്ള ഓഫീസ് പ്രവർത്തനം ഒറ്റയ്ക്കുനടത്തി. 2016 ൽ ജീവാനന്ദിന്റെ ശൂന്യതയോടെ ഗംഗാധരന് വക്കീലാവാണമെന്ന ആഗ്രഹമുണ്ടായി. പിന്നീട് കണ്ണൂർ സർവകലാശാലയിൽനിന്നും ബിരുദമെടുത്തു. സുള്ള്യ ലോകോളേജിൽനിന്നാണ് എൽഎൽബി വിജയകരമായി പൂർത്തിയാക്കിയത്. സ്വന്തം ഓഫീസിലെ അഭിഭാഷകരായ അബ്ദുൾ കരീമും അനിലും സഹപ്രവർത്തകരായ ക്ലർക്കുമാരും നൽകിയ പിന്തുണ വലുതാണെന്ന് ഗംഗാധരൻ പറഞ്ഞു. ഭാര്യ: കെ കെ ദീപ. മക്കൾ ശ്രീദേവി, ഹരിഗോവിന്ദ്. Read on deshabhimani.com