സിനിമാക്കഥയല്ലിത്‌; കദനം നിറയും ജീവിതം

സുചിത്രാദേവി


പനയാൽ സിനിമയുടെ വർണക്കാഴ്‌ചകളൊന്നും ഇപ്പോൾ സുചിത്രാദേവിയുടെ ജീവിതത്തിന്‌ നിറം പകരുന്നില്ല. പനയാലിലെ സുചിത്രാദേവിയെന്ന സിനിമാതാരത്തിന്റെ ജീവിതം സിനിമാക്കഥ പോലെ മറ്റൊരു ദുരന്ത ചിത്രമാണ്‌. അഞ്ചുവർഷമുമ്പാണ്‌ സുചിത്രാദേവിയുടെ ഭർത്താവ്‌ അർബുദം ബാധിച്ച്  മരിക്കുന്നത്‌. ഇതിന്റെ ആഘാതത്തിലും സിനിമയിൽ ചെറിയ വേഷങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിൽ നാല്‌ വർഷം മുമ്പ്‌ അവരും രോഗത്തിന്റെ പിടിയിലായി. ഇരുവൃക്കയും തകരാറിലായി ചികിത്സയ്‌ക്കിടയിലും ജീവിക്കാനായി എല്ലാം ഉള്ളിലൊതുക്കി അവർ സിനിമാഭിനയം തുടർന്നു.  ഇതുവരെ 12 ഓളം സിനിമകളിൽ വേഷമിട്ടു.  ആൻഡ്രോയിഡ് കുഞ്ഞപ്പനാണ്‌ ആദ്യ സിനിമ.  പിന്നീട്‌ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലും വേഷമിട്ടു. അതിനുശേഷമാണ്‌  രോഗം ബാധിക്കുന്നത്‌.  രോഗം പിടിപെട്ട ശേഷവും തളരാത്ത മനസ്സുമായി അവർ 10 സിനിമകളിൽ അഭിനയിച്ചു.  ജിന്ന്‌, രേഖ, 1744 വൈറ്റ് ആൾട്ടോ, നദികളിൽ സുന്ദരി യമുന, പത്മിനി,    കുണ്ഡലപുരാണം, അജയന്റെ രണ്ടാം മോഷണം, രാമനും കദീജയും,  ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്നിവയാണ്‌   സിനിമകൾ. ഒടുവിൽ അഭിനയിച്ച പൊറാട്ട് നാടകം  പുറത്തിറങ്ങാനുണ്ട്‌. ഇക്കാലത്ത്‌ 15 ഷോട്ട് ഫിലിമികളിലും നിരവധി തെരുവ് നാടകങ്ങളിലും വേഷമിട്ടു. സുചിത്ര അഭിനയിച്ച നാല് സിനിമകൾക്ക് സംസ്ഥാന, ദേശീയ പുരസ്‌കാരം ലഭിച്ചു.  ഭർത്താവ് ടി ഗോപി  മരിച്ച ശേഷം മക്കളായ ഉണ്ണിക്കണ്ണൻ,  കൃഷ്ണൻ ഉണ്ണി, യദുകൃഷ്ണൻ  എന്നിവരുടെ  പഠന കാര്യങ്ങളെല്ലാം സുചിത്ര ദേവിയാണ്‌ നോക്കുന്നത്‌.  പള്ളിക്കര ഒരുമ ബാന്റ് സംഘത്തിന്റെ  ക്യാപ്‌റ്റനായിരുന്നു ഇവർ.  ഇതിൽനിന്നും സിനിമയിലെ ചെറിയ പ്രതിഫലം കൊണ്ടും  ജീവീതം മുന്നോട്ട്‌ പോകുമ്പോഴാണ്‌  അസുഖം പിടിപെട്ടത്‌. ഇപ്പോൾ ആഴ്‌ചയിൽ മൂന്ന് ദിവസം ഡയാലിസിസ്‌ ചെയ്യണം.   മരുന്നിനും മറ്റുമായി മാസത്തിൽ പതിനായിരത്തിലധികം രൂപ വേണം. മാസത്തിൽ പരിശോധനയ്‌ക്ക്‌  25,000 രൂപയെങ്കിലും വേണം. സുചിത്രദേവിയുടെ  സഹോദരി  വൃക്ക ദാനം ചെയ്യാൻ തയ്യാറാണ്‌.  ചികിത്സയ്‌ക്ക്‌ 25 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർ പറയുന്നത്. സിപിഐ എം ഉദുമ ഏരിയാ  മുൻ വനിത വളന്റിയർ ക്യാപ്റ്റൻകൂടിയാണ്‌  സുചിത്രദേവി. നിലവിൽ സിപിഐ എം പനയാൽ കിഴക്കേക്കര ബ്രാഞ്ചംഗം. Read on deshabhimani.com

Related News