കുശാല്‍നഗർ റെയില്‍വേ മേല്‍പ്പാലം ഇനി വൈകില്ല
കാഞ്ഞങ്ങാട് കുശാൽനഗർ റെയിൽവേ മേൽപ്പാല നിർമാണത്തിലെ സാങ്കേതിക തടസം നീങ്ങുന്നു. സ്ഥലമേറ്റെടുക്കലിനായി 50 ലക്ഷം രൂപ കിഫ്ബി അനുവദിച്ചു. ഒരാഴ്ചയോടെ ഇതുസംബന്ധിച്ച നടപടി പൂർത്തിയാകുമെന്നാണ് വിവരം. ഇ ചന്ദ്രശേഖരൻ എംഎൽഎയുടെയും നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാതയുടെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും പ്രവർത്തനത്തിന്റെയും സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെയും ഭാഗമായാണ് മേൽപ്പാലത്തിന് റെയിൽവേ അനുമതി നൽകിയത്. ഇതിനായി 37 കോടിയോളം രൂപ കിഫ്ബി അനുവദിച്ചിരുന്നു. എന്നാൽ സ്ഥലമേറ്റെടുക്കൽ അടക്കുള്ള നടപടിയും ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും കാരണം തുടർപ്രവർത്തനത്തിന് കാലതാമസം നേരിട്ടു. ഒന്നര ഏക്കർ സ്ഥലമാണ് വേണ്ടത്. റെയിൽവേയുടെയും നഗരസഭയുടെയും സ്ഥലം കൂടാതെ സ്വകാര്യവ്യക്തികളുടെ സ്ഥലവും ഉൾപ്പെടുന്നു. റെയിൽവേയും നഗരസഭയും സ്ഥലം വിട്ടുനിൽകിയെങ്കിലും നഷ്ടപരിഹാരമുൾപ്പെടെ ലഭിക്കേണ്ടതിനാൽ സ്വകാര്യവ്യക്തികളുടെ സ്ഥലം വിട്ടുകിട്ടുന്നതിന് കാലതാമസം നേരിട്ടു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ(ആർബിഡിസി) മേൽനോട്ടത്തിലാണ് നിർമാണ പ്രവൃത്തി. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ നിർമാണത്തിന് അനുവദിച്ച തുക അക്കൗണ്ടിലേക്ക് ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുമെന്ന് ആർബിഡിസി പ്രോജക്ട് എൻജിനീയർ അനീഷ് പറഞ്ഞു. Read on deshabhimani.com