തീരദേശ ജനതയുടെ യാത്രാദുരിതത്തിന്‌ പരിഹാരമാവും



കാഞ്ഞങ്ങാട്  തീരദേശത്തുനിന്ന് കാഞ്ഞങ്ങാട്ടേക്കും തിരിച്ചും ദിവസവും നിരവധിപേരാണ് ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി റെയിൽവേ ഗേറ്റ് വഴി പോകുന്നത്. കാഞ്ഞങ്ങാട്ട് ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത് ഈ ഭാഗത്തുകൂടിയാണ്. നിത്യാനന്ദ പോളിടെക്‌നിക്കിലേക്കും തീരദേശത്തെ വിദ്യാലയങ്ങളിലേക്കുമുള്ള വിദ്യാർഥികൾ ഉൾപ്പെടെ വാഹനങ്ങളിലും നടന്നും പോകാനുപയോഗിക്കുന്ന വഴികൂടിയാണിത്. ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അടമുള്ള  നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് കുട്ടികൾ വരുന്നതും കുശാൽനഗർ റെയിൽവേ ഗേറ്റിലെ പാളം മുറിച്ചുകടന്നാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പുതിയകോട്ട റോഡ് കടന്നുപോകുന്നത് കുശാൽനഗർ ഭാഗത്തേക്കാണ്. പുതിയകോട്ട റോഡരികിലാണ്  മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ന​ഗരസഭ, താലൂക്ക്, വില്ലേജ്  ഓഫീസുകൾ,  രജിസ്ട്രാർ ഓഫീസ്,  ട്രഷറി, ആർഡിഒ, കോടതി, പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, യുബിഎംസി സ്കൂൾ തുടങ്ങിയവയെല്ലാം ഈ ഭാഗത്താണ്. ട്രെയിൻ കടന്നുപോകുമ്പാൾ ഗേറ്റടക്കുന്നതിനാൽ വൻ ഗതാഗതക്കുരുക്കാണ്‌ ഇവിടെ.   ഒരുമാസം മുമ്പ് ഇവിടെ സംഭവിക്കുമായിരുന്ന വലിയ ദുരന്തം തലനാരിഴ വ്യത്യാസത്തിലാണ് വഴിമാറിയത്. സിഗ്‌നൽ തകരാർ കാരണം ഗേറ്റ് കീപ്പർക്ക് ഗേറ്റടക്കാൻ കഴിയാതിരുന്നതിനാൽ ട്രെയിൻ വരുന്ന സമയത്ത് വാഹനങ്ങൾ പാളത്തിലൂടെ കടന്നുപോകുകയായിരുന്നു. ട്രെയിൻ പെട്ടെന്ന് നിർത്തുകയായിരുന്നു. അടച്ചിട്ട ഗേറ്റ് പിന്നീട്‌ ഉയർത്താൻ കഴിയാത്ത പ്രശ്‌നവുമുണ്ടായിട്ടുണ്ട്.  ഇവിടെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ്.   മേൽപ്പാലം വന്നാൽ മീനാപ്പീസ്, ഹൊസ്ദുർഗ് കടപ്പുറം, മുറിയനാവി, കല്ലൂരാവി, പട്ടാക്കാൽ, മൂവാരിക്കുണ്ട്, ഞാണിക്കടവ്, മരക്കാപ്പ് കടപ്പുറം തുടങ്ങിയ  തീരദേശവാസികൾ അടക്കമുള്ള ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങൾക്കാണ് പരിഹാരമാകുക. Read on deshabhimani.com

Related News