വയോജന ക്ഷേമം: പദ്ധതി വിഹിതം 
സമയബന്ധിതമായി ചെലവഴിക്കണം

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സിറ്റിങ്‌


 കാസർകോട്‌ തദ്ദേശ സ്ഥാപനങ്ങൾക്ക് വയോജന ക്ഷേമത്തിന് അനുവദിക്കുന്ന അഞ്ച് ശതമാനം പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പും ജില്ലാ ആസൂത്രണ സമിതിയും ഉറപ്പുവരുത്തണമെന്ന് വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി നിർദ്ദേശിച്ചു.    വയോജന സംരക്ഷണകേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർ പരിശോധന നടത്തണം. സർക്കാർ, സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ വയോജനങ്ങൾക്കുള്ള സൗകര്യം ഉറപ്പുവരുത്തണം.  ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും ഫിസിയോ തെറാപ്പിസ്റ്റ് മാരുടെയും അഭാവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടും. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമനം നേടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിനുശേഷം മാത്രമേ സ്ഥലം മാറ്റം നേടാവൂവെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കാസർകോട് ജില്ലയിൽ നിയമനം നേടുന്ന ഇതര ജില്ലകളിൽ നിന്നുള്ളവർ ഉടൻ സ്ഥലംമാറ്റം നേടിപ്പോകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.   സമിതിക്ക്  11 പരാതി ലഭിച്ചു.   കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പ് യോഗത്തിൽ സമിതി ചെയർമാൻ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ കെ പി മോഹനൻ, അഹമ്മദ് ദേവർകോവിൽ, സി കെ ഹരീന്ദ്രൻ, ജോബ് മൈക്കിൾ, ടി ജെ വിനോദ്, സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന് എന്നിവർ  യോഗത്തിൽ പങ്കെടുത്തു.   കലക്ടർ കെ ഇമ്പശേഖർ,  ജില്ലാ പൊലീസ് മേധാവി പി ബിജോയി, എഡിഎം കെ വി ശ്രുതി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ആര്യ പി രാജ്, നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി വി അനിൽകുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, വയോജന ക്ഷേമത്തിനായുള്ള സംഘടനകളുടെ പ്രതിനിധികൾ എന്നിവർ  സംബന്ധിച്ചു.   Read on deshabhimani.com

Related News