മന്ത്രിയുടെ സാന്നിധ്യത്തിൽ പരാതി തീർക്കും
കാസർകോട് സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയ തദ്ദേശഅദാലത്ത് മൂന്നിന്. കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 8.30 മുതൽ നടക്കുന്ന അദാലത്തിൽ മന്ത്രി എം ബി രാജേഷ് നേതൃത്വം നൽകും. അദാലത്ത് ദിവസം നേരിട്ടും അപേക്ഷ സമർപ്പിക്കാം. പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ തീർപ്പാക്കും. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടർ, അർബൻ ഡയറക്ടർ, റൂറൽ ഡയറക്ടർ, ചീഫ് വിജിലൻസ് ഓഫീസർ തുടങ്ങി സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും. ജില്ലയിലെ എംപിയുംഎംഎൽഎമാരും രക്ഷാധികാരികളാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജില്ലാതല സംഘാടക സമിതി ചെയർപേഴ്സണാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, എൻജിനീയർമാർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുക്കും. അദാലത്ത് രജിസ്‌ട്രേഷൻ കൗണ്ടറിൽ പുതിയ പരാതികളും സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതികൾ അദാലത്ത് വേദിയിൽ ഉപസമിതി പരിശോധിക്കും. ജില്ലാതല സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്നു. ജോയന്റ് ഡയറക്ടർ ജയ്സൺ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ ,തദ്ദേശ എൻജിനിയർ ഷൈനി, നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു പി വിപിൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ, ജില്ലാ ശുചിത്വമിഷൻ കോ ഓഡിനേറ്റർ പി ജയൻ, നഗരസഭാ സെക്രട്ടറി പി എ ജസ്റ്റിൻ, നഗരസഭാ എൻജിനീയർ ദിജീഷ് കെ കെ ലതീഷ്, എ ശ്രീജ എന്നിവർ സംസാരിച്ചു. ഓൺലൈനായി 666 അപേക്ഷ പൊതുജനങ്ങൾക്ക് കഴിഞ്ഞ വ്യാഴം വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. ഇതുവരെ 666 അപേക്ഷ കിട്ടി. ബിൽഡിങ് പെർമിറ്റ്: 257, സിവിൽ രജിസ്‌ട്രേഷൻ: 19, പൊതു സൗകര്യങ്ങളും സുരക്ഷയും: 179, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത: 20, ആസ്തി മാനേജ്മെന്റ്: 43, സുരക്ഷാ പെൻഷൻ: 29, ഗുണഭോക്തൃ പദ്ധതി: 35, പ്ലാൻ ഇംപ്ലിമെന്റേഷൻ: 19, നികുതി:- 24, ട്രേഡ് ലൈസൻസ്: 17, മാലിന്യ പരിപാലനം: 24 എന്നീ വിഷയങ്ങളിലാണ് അപേക്ഷകളും പരാതികളും ലഭിച്ചതെന്ന് തദ്ദേശ ജില്ലാ ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു അറിയിച്ചു. Read on deshabhimani.com