ചെളിക്കണ്ടത്തിൽ ചാടി കുടുങ്ങി; സേനയെത്തി പൊക്കി

കാഞ്ഞങ്ങാട് സൗത്ത് മേൽപ്പാലത്തിന്‌ സമീപത്തെ ആവിക്കണ്ടത്തിൽ 
ചാടിയ ഇതര സംസ്ഥാനക്കാരനായ ലോറി ക്ലീനറെ രക്ഷിച്ചപ്പോൾ


കാഞ്ഞങ്ങാട്   കഴുത്തോളം ചെളി വെള്ളമുള്ള ആവിക്കണ്ടത്തിലിറങ്ങി മണിക്കൂറുകൾ കുടുങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന ഇതര സംസ്ഥാനക്കാരനെ അഗ്നിരക്ഷാസേന രക്ഷിച്ചു. കാഞ്ഞങ്ങാട് സൗത്ത് മേൽപ്പാലത്തിന്‌ കിഴക്കുവശത്തെ ആവിക്കണ്ടത്തിലാണ് ലോറി ക്ലീനറായ യുവാവ് ചാടിയത്.  നാട്ടുകാർ ഏറെ നേരം ശ്രമിച്ചിട്ടും മുകളിൽ കയറാൻ ഇയാൾ തയ്യാറായില്ല.  തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.  അസി. സ്റ്റേഷൻ ഓഫീസർ മനോജിന്റെ നേതൃത്വത്തിലെത്തിയ സേന യുവാവിനെ അനുനയിപ്പിച്ച ശേഷം വടമെറിഞ്ഞുകൊടുത്ത്‌ മുകളിൽ കയറ്റി. ഹോംഗാർഡ് ജയന്റെ നേതൃത്വത്തിൽ നാട്ടുകാർ യുവാവിനെ കുളിപ്പിച്ച് നല്ലവസ്ത്രം അണിയിച്ചു. എന്നാൽ അൽപ്പ സമയത്തിനു ശേഷം ഇയാൾ വീണ്ടും മുങ്ങി. അടുത്ത വീട്ടിൽ കയറിയ ഇയാളെ പൊലീസെത്തി മാറ്റി. ഇതിനിടെ യുവാവിനെ കാണുന്നില്ലെന്ന പരാതിയുമായി യുവാവ്‌ ജോലി ചെയ്‌ത ലോറിയുടെ ഡ്രൈവറും പൊലീസ്‌ സ്‌റ്റേഷനിലെത്തി. ലോറി നിർത്തിയിട്ടപ്പോൾ ഇയാൾ ഇറങ്ങിയോടിയെന്നാണ്‌ ഡ്രൈവർ പറയുന്നത്‌. ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ജി എ ഷിബിൻ, ടി വി സുധീഷ് കുമാർ,  ഡ്രൈവർ അജിത്, ഹോം ഗാർഡ് അനീഷ് എന്നിവർക്ക് പുറമെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News