പ്രൊഫ. തോമസ് മാത്യുവിനും കാവാലത്തിനും വിശിഷ്ടാംഗത്വം
തൃശൂര്‍ > കേരള സാഹിത്യ അക്കാദമിയുടെ 2014–ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും പ്രഖ്യാപിച്ചു. വിശിഷ്ടാംഗത്വത്തിന് പ്രൊഫ. എം തോമസ് മാത്യുവും കാവാലം നാരായണപ്പണിക്കരും അര്‍ഹരായി. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശേരി, ഡോ. ജോര്‍ജ് ഇരുമ്പയം, മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ് കമ്മത്ത് എന്നിവര്‍ക്കാണ് സമഗ്രസംഭാവനാ പുരസ്കാരം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരമെന്ന് അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014–ലെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി 11പേരെ തെരഞ്ഞെടുത്തു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. കവിത–പി എന്‍ ഗോപീകൃഷ്ണന്‍(ഇടക്കാലുരി പനമ്പട്ടടി), നോവല്‍– ടി പി രാജീവന്‍ (കെടിഎന്‍ കോട്ടൂര്‍– എഴുത്തും ജീവിതവും), നാടകം–വി കെ പ്രഭാകരന്‍(ഏറ്റേറ്റ് മലയാളന്‍), ചെറുകഥ–വി ആര്‍ സുധീഷ്(ഭവനഭേദനം), സാഹിത്യവിമര്‍ശനം–ഡോ. എം ഗംഗാധരന്‍(ഉണര്‍വിന്റെ ലഹരിയിലേക്ക്), വൈജ്ഞാനിക സാഹിത്യം– ഡോ. എ അച്യുതന്‍(പരിസ്ഥിതി പഠനത്തിന് ഒരാമുഖം), ജീവചരിത്രം–ആത്മകഥ–സി വി ബാലകൃഷ്ണന്‍(പരല്‍മീന്‍ നീന്തുന്ന പാടം), യാത്രാവിവരണം–കെ എ ഫ്രാന്‍സിസ് (പൊറ്റേക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും), വിവര്‍ത്തനം–സുനില്‍ ഞാളിയത്ത് (ചോഖേര്‍ബാലി), ശ്രീപത്മനാഭ സ്വാമി സമ്മാനം–എം ശിവപ്രസാദ് (ആനത്തൂക്കം വെള്ളി), ഹാസ്യസാഹിത്യം–ടി ജി വിജയകുമാര്‍ (മഴപെയ്തുതോരുമ്പാള്‍) എന്നിവര്‍ക്കാണ് പുരസ്കാരം. എന്‍ഡോവ്മെന്റ്് ഏഴുപേര്‍ക്ക് നല്‍കും. ഭാഷാസാഹിത്യം, വ്യാകരണം, ശാസ്ത്രപഠനം എന്നിവയ്ക്കുള്ള ഐ സി ചാക്കോ അവാര്‍ഡ് ഡോ. എ എം ശ്രീധരന്റെ ബ്യാരി ഭാഷാനിഘണ്ടുവിനും ഉപന്യാസത്തിനുള്ള സി ബി ശ്രീകുമാര്‍ അവാര്‍ഡ് ടി ജെ എസ് ജോര്‍ജിന്റെ 'ഒറ്റയാന്‍' എന്ന കൃതിക്കും വൈദികസാഹിത്യത്തിനുള്ള പി എന്‍ ദാസിന്റെ 'ഒരു തുള്ളിവെളിച്ചത്തി'നും കവിതയ്ക്കുള്ള കനകശ്രീ അവാര്‍ഡ് സന്ധ്യ എന്‍ പിയുടെ 'ശ്വസിക്കുന്ന ശബ്ദംമാത്ര'ത്തിനും ചെറുകഥാ സമാഹാരത്തിന് ഗീതാഹിരണ്യന്‍ അവാര്‍ഡ് വി എം ദേവദാസിന്റെ 'മരണസഹായി'ക്കും ലഭിച്ചു. വൈജ്ഞാനിക സാഹിത്യത്തിന് ജി എന്‍ പിള്ള അവാര്‍ഡ് മനോജ് മാതിരപ്പിള്ളിയുടെ 'കേരളത്തിലെ ആദിവാസികള്‍ കലയും സംസ്കാരവും' എന്ന കൃതിക്കും നിരൂപണം–പഠനം എന്നിവയ്ക്കുള്ള കുറ്റിപ്പുഴ അവാര്‍ഡ് പി പി രവീന്ദ്രന്റെ 'എതിരെഴുത്തുകള്‍; ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം' എന്ന കൃതിക്കും ലഭിച്ചു. ഒരു മാസത്തികം ചേരുന്ന അക്കാദമി വാര്‍ഷികാഘോഷ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാനും സെക്രട്ടറിയും അറിയിച്ചു. Read on deshabhimani.com