നടിയെ ആക്രമിച്ച കേസ് : കോടതി സംഭവങ്ങളില്‍ ഐജി റിപ്പോര്‍ട്ട് തേടി
കൊച്ചി/അമ്പലപ്പുഴ > യുവനടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനില്‍കുമാറിനെയും (പള്‍സര്‍ സുനി) വിജീഷിനെയും കോടതിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച സംഭവം ഉള്‍പ്പെടെ കാര്യങ്ങളില്‍ ഐജി കൊച്ചി പൊലീസ് കമീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സുനിയും വിജീഷും 23ന് കോടതിയിലെത്തിയതുമുതലുള്ള വിശദ റിപ്പോര്‍ട്ടാണ് കമീഷണറോട് ആവശ്യപ്പെട്ടത്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെ അഭിഭാഷകവേഷത്തില്‍ കോടതിയിലെത്തിച്ച നടപടി പൊലീസ് ഗൌരവമായാണ് കാണുന്നതെന്ന് ഐജി പി വിജയന്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞ സമയത്താണ് ഹെല്‍മെറ്റും അഭിഭാഷകവേഷവും ധരിപ്പിച്ച് സുനിയെയും വിജീഷിനെയും കോടതിമുറിക്കുള്ളിലേക്ക് കടത്തിവിട്ടത്. ബലപ്രയോഗത്തിലൂടെ സുനിയെയും വിജീഷിനെയും നീക്കിയപ്പോള്‍ ചില അഭിഭാഷകര്‍ തടസ്സപ്പെടുത്തി. കോടതിവരാന്തയിലെ ഗേറ്റ് അടച്ചിടാനും ചിലര്‍ ശ്രമിച്ചു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കൊച്ചി കായലിലും അമ്പലപ്പുഴയിലും ചൊവ്വാഴ്ച തെരച്ചില്‍ നടത്തി. അമ്പലപ്പുഴയില്‍നിന്ന് മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തു. അങ്കമാലി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ നാല് അഭിഭാഷകരില്‍നിന്ന് സുനിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവരുടെ നിര്‍ദേശപ്രകാരമാണ് മൊഴി മാറ്റിപ്പറയുന്നത്. ഇതുവരെ ലഭിച്ച മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, മെമ്മറി കാര്‍ഡ് എന്നിവ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്.ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ഗോശ്രീ പാലത്തില്‍നിന്ന് കൊച്ചി കായലിലേക്ക് എറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നാവികസേനാ മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ മണിക്കൂറോളം കായലില്‍ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അന്വേഷണസംഘം സുനിയെയും കൊണ്ട് സുഹൃത്തായ അമ്പലപ്പുഴ കാക്കാഴം കാര്‍ഗില്‍ ജങ്ഷന് പടിഞ്ഞാറ് തോട്ടുങ്കല്‍ മനുവിന്റെ വീട്ടില്‍ തെളിവെടുപ്പു നടത്തി. അന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തു. മനുവിന്റെ കുടുംബാംഗങ്ങള്‍ സുനിയെ തിരിച്ചറിഞ്ഞു. മനുവും സുനിയും രഹസ്യസംഭാഷണം നടത്തിയ ബീച്ചിലും പരിശോധന നടത്തി. അമ്പലപ്പുഴയില്‍നിന്ന ്സുനി കായംകുളത്തേക്ക് പോയിരുന്നു. ഇവിടെ തെളിവെടുപ്പുനടത്തും. സംഭവം കഴിഞ്ഞ് പിറ്റേന്ന് സുനി കാക്കാഴത്തെത്തി. ഫോണില്‍നിന്ന് സിം കാര്‍ഡും മെമ്മറി കാര്‍ഡും പുറത്തെടുക്കാന്‍ സഹോദരിയില്‍നിന്ന് സേഫ്റ്റി പിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ തുറക്കാനായില്ല. മനുവിനോട് 10,000 രൂപ ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. ടെലിവിഷനില്‍ സുനിയെ തിരിച്ചറിഞ്ഞതോടെ അവര്‍ അവിടെനിന്ന് കടക്കുകയായിരുന്നുവെന്ന് സഹോദരി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണസംഘം പറഞ്ഞു. കേസില്‍ ഇതുവരെ പ്രധാന പ്രതികളടക്കം എട്ടുപേരാണ് പിടിയിലായത്. മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, വടിവാള്‍ സലിം, മണികണ്ഠന്‍, വിജീഷ്, പള്‍സര്‍ സുനി, അന്‍സാര്‍, ചാര്‍ളി എന്നിവരാണ് പിടിയിലായത്. അന്‍സാറും ചാര്‍ളിയും പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരാണ്. Read on deshabhimani.com