സ്വകാര്യ ബസ്‌ ആംബുലൻസിലും ലോറിയിലും ഇടിച്ചു ; 50 പേർക്ക്‌ പരിക്ക്‌



വൈപ്പിൻ സ്വകാര്യ ബസ് ആംബുലൻസിലും കണ്ടെയ്‌നർ ലോറിയിലും ഇടിച്ച്‌ ബസിലെ യാത്രക്കാരായ 50 പേർക്ക്‌ പരിക്കേറ്റു. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ആശുപത്രിയിൽനിന്ന്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന സ്ത്രീ ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ കുടുങ്ങി. അഗ്നി രക്ഷാസേനയും മുളവുകാട് പൊലീസും എത്തി അവരെ രക്ഷപ്പെടുത്തി. കാലിന്‌ പരിക്കേറ്റ ബസ്‌ ഡ്രൈവർ സൗത്ത് പുതുവൈപ്പ് തെക്കേപറമ്പിൽ മിഥുൻ മുരളിയെ (28) ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: അനൂപ് (33), രതീഷ് (42), ജഷ്മ (24), ജീവ (55), വിനു (45), മേരി മോനിഷ (37), ലിസി (47), രജിത (27), ലിജി (39), നിഷ (43), സ്‌നേഹലത (57), മേരി (56), രഹ്ന (44). ബാക്കിയുള്ളവരെ ലൂർദ് ആശുപത്രി, പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്ന്‌ ലൈറ്റ് ഹൗസ് വഴി ചാപ്പ കടപ്പുറത്തേക്കുള്ള ചീനിക്കാസ് ബസാണ്‌ അപകടത്തിൽപ്പെട്ടത്. എറണാകുളത്തുനിന്ന്‌ വൈകിട്ട് 6.10ന് പുറപ്പെട്ട ബസ് ബോൾഗാട്ടി വല്ലാർപാടം പാലം ഇറങ്ങിയശേഷം ആദ്യം ആംബുലൻസിലും തുടർന്ന്‌ കണ്ടെയ്‌നർ ലോറിയിലും ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം തകർന്നു. മുൻഭാഗത്ത് ഇരുന്ന യാത്രക്കാർക്കാണ് കൂടുതൽ പരിക്ക്. ചിലരുടെ തലയ്ക്കും മുഖത്തും സാരമായ പരിക്കുണ്ട്. ബ്രേക്ക് തകരാറാണ്‌ അപകടത്തിനിടയാക്കിയതെന്നാണ്‌ പ്രാഥമികനിഗമനം. Read on deshabhimani.com

Related News