കുട്ടിത്തങ്ങളിലേക്ക്‌ പെയ്‌തിറങ്ങാൻ പുതുമോടിയുമായി ‘അങ്കണപ്പൂമഴ’ ; അങ്കണവാടികളിൽ ഇന്ന്‌ പ്രവേശനോത്സവം

‘അങ്കണപ്പൂൂമഴ’യുടെ കവർ


കണ്ണൂർ കുട്ടിക്കുറുമ്പുകളെ കൂട്ടായ്‌മകളുടെ കളിചിരികളിലേക്ക്‌ വരവേൽക്കാൻ പുതുമോടിയുമായി ‘അങ്കണപ്പൂമഴ’ പുസ്‌തകം തയ്യാർ.  ഈ വർഷത്തെ രണ്ടാംഘട്ട പ്രവേശനോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച അങ്കണവാടികളിലെത്തുന്ന ചെറുബാല്യങ്ങൾക്ക്‌ നനയാം പുതുപൂമഴയിൽ. പ്രായത്തിനനുസരിച്ചുള്ള പുസ്‌തകമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. മൂന്നു മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക്‌ പ്രയോജനപ്പെടുംവിധം  തയ്യാറാക്കിയ പുസ്‌തകങ്ങൾ സംസ്ഥാനത്തെ 33,120 അങ്കണവാടികളിലും എത്തിച്ചുകഴിഞ്ഞു. അഞ്ചിനും -ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള പുസ്‌തകവും ഒരുങ്ങുന്നുണ്ട്‌. വിവിധ ആശയങ്ങളെ ആധാരമാക്കി ഒരുക്കുന്നവയുടെ പ്രവർത്തനസന്ദർഭം ഒന്നാണെങ്കിലും പ്രായവ്യത്യാസം കണക്കിലെടുത്ത്‌ വെവ്വേറെ പുസ്തകങ്ങളാണ്‌. ‘അങ്കണത്തൈമാവ്’ അധ്യാപകസഹായിയിലെ ശിശുവികാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും വിലയിരുത്തുകയും പഠിച്ചുമാണ്‌ ‘അങ്കണപ്പൂമഴ’ പുതുക്കിയത്‌. അങ്കണവാടി കരിക്കുലം ജെൻഡർ ഓഡിറ്റിങിലൂടെ പരിഷ്‌ക്കരിച്ച് ലിംഗസമത്വവും ഉറപ്പാക്കിയിട്ടുണ്ട്. പുസ്‌തകത്തിലെ പ്രവർത്തനങ്ങൾക്കൊപ്പം ക്യുആർകോഡ് നൽകിയതുവഴി കഥയും പാട്ടും കേൾക്കാനും  കഴിയും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കുപിന്നാലെ, അങ്കണവാടികളും സ്‌മാർട്ടാകുന്ന നടപടി പുരോഗമിക്കുകയാണ്‌. തിരുവനന്തപുരം പൂജപ്പുരയിലാണ്‌ ആദ്യ സ്‌മാർട്ട്‌ അങ്കണവാടി ആരംഭിച്ചത്‌. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർറൂം, ഇൻഡോർ–- ഔട്ട്‌ഡോർ പ്ലേഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുള്ളവയാണിവ. അടിസ്ഥാനസൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാനുഭവമൊരുക്കലാണ്‌ ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും ലോകത്തേക്ക് കടന്നുവരുന്ന കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനും ശാരീരിക മാനസികോല്ലാസത്തിനും സ്മാർട്ട് അങ്കണവാടികൾ സഹായകമാവും. അങ്കണവാടികളിൽ ജൂണിലും നവംബറിലുമായി രണ്ടു തവണയാണ്‌ പ്രവേശനോത്സവം. മോണിറ്ററിങ്‌ കമ്മിറ്റിയുടെ സഹകരണത്തോടെ, അങ്കണവാടി ജീവനക്കാർ വീടുകളിലെത്തി കുട്ടികളെയും രക്ഷിതാക്കളെയും കണ്ട്‌ പ്രവേശനമുറപ്പാക്കണമെന്നാണ്‌ വനിത ശിശുവികസനവകുപ്പിന്റെ  തീരുമാനം. അതിഥിത്തൊഴിലാളികളുടെ കുട്ടികളെ ചേർക്കാനും നിർദേശിച്ചതായി അസി. ഡയറക്ടർ സോഫി ജേക്കബ്‌ പറഞ്ഞു. Read on deshabhimani.com

Related News