രാമമംഗലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; പ്രതിഷേധം ശക്തം
പിറവം രാമമംഗലം പഞ്ചായത്ത് ആശുപത്രിപ്പടി ബസ് സ്റ്റാൻഡിനുള്ളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിൽ വ്യാപക പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റും പതിമൂന്നാം വാർഡ് അംഗവുമാണ് മാലിന്യം കത്തിക്കാൻ നേതൃത്വം നൽകിയതെന്ന് നാട്ടുകാർ പറഞ്ഞു. ബസ് സ്‌റ്റാൻഡിൽ ഉണ്ടായിരുന്ന മാലിന്യം തരംതിരിച്ച് നിർമാർജനം ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് ആവശ്യമായ തുക അനുവദിച്ചു. ഇതിനിടെ, അവധിദിവസം മുതലെടുത്ത് ഒരു ടണ്ണോളം മാലിന്യം കത്തിക്കുകയായിരുന്നു. വീടുകളും കടകളും ആശുപത്രിയുമുള്ള ഇവിടെ ധാരാളം ആളുകൾ താമസിക്കുന്നുണ്ട്. മാലിന്യം കത്തിച്ചവർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ എ രാമമംഗലം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com