അതിതീവ്രമഴയും ദുർബലമായ മണ്ണും അപകടകാരണം



തിരുവനന്തപുരം കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ മണ്ണിന്റെ ദുർബലമായ അവസ്ഥയുമാണ്‌ തുടർച്ചയായി ദുരന്തങ്ങളുണ്ടാകുന്നതിന്‌ കാരണമെന്ന്‌ ആർക്കിടെക്ട്‌ ശങ്കർ. പുത്തുമല ദുരന്തം ഉണ്ടായ കാലംമുതൽ വയനാട്‌, ഇടുക്കി പ്രദേശങ്ങൾ ശ്രദ്ധിച്ചുവരുന്നുണ്ട്‌. ദുർബലമായ മണ്ണ്‌, അതിനടിയിൽ പാറ, വീണ്ടും മണ്ണ്‌, തുടർന്ന്‌ പാറ ഇങ്ങിനെയാണ്‌ ഈ പ്രദേശങ്ങളിലെ മണ്ണിന്റെ ഘടന. അതിതീവ്രമഴയും മേഘവിസ്ഫോടനവും ഉണ്ടാകുമ്പോൾ മണ്ണിൽ ശേഖരിക്കപ്പെടുന്ന ദശലക്ഷക്കണക്കിന്‌ ലിറ്റർ വെള്ളം കൂടുതൽ മർദ്ദത്തിലായി ദുർബലമായ ഭാഗത്തുകൂടി പൊട്ടി പുറത്തേക്ക്‌ പോകുകയാണ്‌. സങ്കൽപ്പിക്കാൻ പറ്റാത്തത്ര ശക്തിയും വേഗവുമാണ്‌ അതിന്‌. മുപ്പതും നാൽപ്പതും കിലോമിറ്റർ ദൂരത്തേക്ക്‌ വെള്ളം എല്ലാം തകിടം മറിച്ച്‌ എത്തുന്നത്‌ അതുകൊണ്ടാണ്‌. കാലാവസ്ഥ വ്യതിയാനത്തിന്‌ അനുസരിച്ച്‌ ജീവിതം മാറ്റിപ്പണിയാൻ നമ്മൾ തയ്യാറാകണം. കേന്ദ്ര ദുരന്തഭൂപടത്തിൽ കേരളമുണ്ട്‌. ഇടക്കിടെയുണ്ടാകുന്ന കിണർ ഇടിഞ്ഞുതാഴൽ ദുരന്തത്തിന്റെ സൂചനകളാണ്‌. ദുർബലമായ മണ്ണിലെ നിർമാണവും മാറിമാറിയുള്ള കൃഷിയും ഖനികളും സ്വാഭാവികമായും പ്രതികൂലമായി ബാധിക്കാം. മലനാടിന്റെ വികസനം സംബന്ധിച്ച്‌ പുതിയ രീതിയും മണ്ണിടിച്ചിൽ മാപ്പും ആവശ്യമാണ്‌. സർക്കാരുകൾ അതൊക്കെ ആലോചിക്കുമെന്നാണ്‌ കണക്കാക്കുന്നതെന്നും യൂട്യൂബ്‌ ചാനൽ അഭിമുഖത്തിൽ ശങ്കർ പറഞ്ഞു.   Read on deshabhimani.com

Related News