വിഴിഞ്ഞത്തേക്ക് അഡു എത്തി ; ഡെയ്‌ല മടങ്ങി , ബ്രസീലിൽനിന്ന് എംഎസ്‌സിയുടെ ഒറിയോണും
തിരുവനന്തപുരം എംഎസ്‌സി ഡെയ്‌ല വിഴിഞ്ഞം വിട്ടു. ഞായർ വൈകിട്ടാണ് കപ്പൽ കൊളംബോ തുറമുഖത്തേക്ക് തിരിച്ചത്. ഇതിനുപിന്നാലെ എംഎസ്‌സിയുടെ ഫീഡർ വെസലായ അഡു 5 വിഴിഞ്ഞം തുറമുഖത്ത് അടുത്തു. ഡെയ്‌ലയിൽനിന്ന് ഇറക്കിയ കണ്ടെയ്‌നർ കൊണ്ടുപോകാനായി 294 മീറ്റർ വീതിയും 32 മീറ്റർ വീതിയുമുള്ള അഡു സിംഗപ്പുരിൽനിന്നാണ് എത്തിച്ചത്. കപ്പൽ ചൊവ്വാഴ്‌ച കൊച്ചി തുറമുഖത്തേക്ക് പോകും. കപ്പൽ തിരിച്ചുപോയതിനുശേഷം 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള എംഎസ്‌സിയുടെ ഒറിയോൺ എത്തും. ബ്രസീലിൽനിന്നാണ് ഇതുവരുന്നത്. വിഴിഞ്ഞത്തുവന്ന കപ്പലുകളിൽ ഏറ്റവും വലുതാണിത്. എട്ടിന് എംഎസ്‌സിയുടെ ചെറുകപ്പൽകൂടി വിഴിഞ്ഞത്ത് എത്തുമെന്നാണ് വിവരം. തുടർച്ചയായി നാലുകപ്പൽ എത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. വിഴിഞ്ഞം കേന്ദ്രമാക്കി രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇറക്കാൻ എംഎസ്‌സി പദ്ധതി ആവിഷ്‌കരിക്കുന്നതായാണ് വിവരം. തുറമുഖത്തിന്റെ കുറഞ്ഞ നിരക്ക് മറ്റൊരാകർഷണമാണ്. ഒക്‌ടോബർ അവസാനത്തിലായിരിക്കും തുറമുഖത്തിന്റെ കമീഷനിങ് നടക്കുക. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. Read on deshabhimani.com