കാലടി സ്വകാര്യ ബസ് സ്റ്റാന്‍ഡ് ; യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ ഇടമില്ല
കാലടി വിദ്യാർഥികളും തൊഴിലാളികളും സർക്കാർ ജീവനക്കാരുമടക്കം നൂറുകണക്കിനുപേർ ആശ്രയിക്കുന്ന കാലടി സ്വകാര്യ ബസ് സ്റ്റാൻഡ് അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ്.വർഷങ്ങൾക്കുമുമ്പ് ഇടതുപക്ഷപാർടികൾ മുൻകൈയെടുത്ത് വാങ്ങിയ സ്ഥലത്താണ് ഇന്ന് പഞ്ചായത്തുവക ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. നിലവിൽ കാലടി പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്. ബസ് സ്റ്റാൻഡിൽ മഴകൊള്ളാതെ നിൽക്കാൻ പര്യാപ്തമായ സൗകര്യങ്ങളില്ല. പേരിന് രണ്ട് ഷെൽറ്റർ നിർമിച്ചെങ്കിലും അതിൽ നിന്നാൽ മഴ കൊള്ളാമെന്നുമാത്രം. അതിലെ ഇരിപ്പിടങ്ങൾ തകർന്നനിലയിലുമാണ്. ടോയ്‌ലറ്റ് സൗകര്യങ്ങളും നിലവിലില്ല. എംസി റോഡിനോട് ചേർന്നാണ് ബസ് സ്റ്റാൻഡ്. കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാറില്ല. റോഡിൽ നിർത്തിത്തന്നെ യാത്രക്കാരെ കയറ്റും. ബസ് സ്റ്റാൻഡിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ പഞ്ചായത്ത് അധികൃതർ ഗുരുതരവീഴ്ചയാണ് വരുത്തുന്നത്. എത്രയുംവേഗം മതിയായ സൗകര്യമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Read on deshabhimani.com