മീന്‍ലഭ്യത കൂട്ടാന്‍ ജനകീയ സമുദ്രകൃഷിക്ക് സിഎംഎഫ്ആര്‍ഐ



കൊച്ചി > കടലില്‍നിന്നുള്ള മീന്‍ ലഭ്യത കുറഞ്ഞതുമൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സമുദ്രകൃഷി ജനകീയമാക്കുന്നു. സമുദ്ര കൂടുകൃഷി, സാങ്കേതികവിദ്യകളുടെ വികസനം, കര്‍ഷക സൌഹൃദ വിത്തുല്‍പ്പാദന കേന്ദ്രങ്ങളുടെ വികസനം, വാണിജ്യപ്രധാന മീനുകളുടെ വിത്തുല്‍പ്പാദനം തുടങ്ങിയവയിലൂടെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സമുദ്രകൃഷി ജനകീയമാക്കാനാണ് സിഎംഎഫ്ആര്‍ഐയുടെ പദ്ധതി. സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ നെറ്റ്വര്‍ക്ക് പ്രൊജക്ടിന്റെ അവലോകന യോഗത്തിലാണ് അടുത്ത വര്‍ഷം നടപ്പാക്കേണ്ട പദ്ധതിക്ക് രൂപം നല്‍കിയത്. 42 കോടി രൂപയാണ് ദേശീയ കാര്‍ഷിക ഗവേഷണ കൌണ്‍സിലില്‍ ഈ പദ്ധതിക്കായി വകയിരുത്തിയത്. മോത, കാളാഞ്ചി, വളവോടി എന്നിവയ്ക്ക്് പുറമെ, മറ്റ് മത്സ്യങ്ങളുടെ കൂടി വിത്തുല്‍പ്പാദന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ സമുദ്ര കൂടുകൃഷി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി, കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കൃഷിസാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതോടൊപ്പം സമുദ്രകൃഷി ഗവേഷണത്തിന് മാത്രമായി മികവിന്റെ കേന്ദ്രവും സ്ഥാപിക്കും. അതത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ മീനുകളെ കണ്ടെത്തുന്നതിന്് സര്‍വേ നടത്തും. വിത്തുല്‍പ്പാദനം നടത്തുന്നതിന് ഹാച്ചറി സാങ്കേതികവിദ്യ വികസിപ്പിക്കും.  കൃഷി സാങ്കേതികവിദ്യകള്‍ യഥാസമയം കര്‍ഷകര്‍ക്കിടയില്‍ ജനകീയമാക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് അവലോകനയോഗം ഉദ്ഘാടനംചെയ്ത ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്രജ്ഞര്‍ യോഗത്തില്‍ പങ്കെടുത്തു. ഐസിഎആര്‍ ഇമിററ്റസ് സയന്റിസ്റ്റ് ഡോ. ജി ഗോപകുമാര്‍ ചര്‍ച്ച നിയന്ത്രിച്ചു. പദ്ധതിയുടെ കോ–ഓര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ നാസര്‍, സിഎംഎഫ്ആര്‍ഐയിലെ സമുദ്രകൃഷി വിഭാഗം മേധാവി ഡോ. ഇമല്‍ഡ ജോസഫ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബോബി ഇഗ്നേഷ്യസ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News