പ്രൊഫ. എം കെ പ്രസാദിന്‌ ഭാരത്‌ ജ്യോതി അവാർഡ്‌



കൊച്ചി പ്രമുഖ പരിസ്ഥിതി ശാസ്‌ത്രജ്ഞനും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡന്റുമായ  പ്രൊഫ. എം കെ പ്രസാദിന്‌ ഇന്ത്യ ഇന്റർനാഷണൽ ഫ്രണ്ട്‌ഷിപ്‌ സൊസൈറ്റിയുടെ ഭാരത്‌ ജ്യോതി അവാർഡ്‌. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ശാസ്‌ത്രാവബോധവും അറിവും പ്രചരിപ്പിക്കുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ്‌ അവാർഡ്‌.  27ന്‌ ഡൽഹിയിൽ ചേരുന്ന ചടങ്ങിൽ അവാർഡ്‌ സമ്മാനിക്കും. നിലവിൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സനാണ്. സെന്റർ ഓഫ് എൻവയൺമെന്റ് എഡ്യൂക്കേഷൻ, സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ്‌ എന്നിവയിലും അംഗമാണ്‌. കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന മാരാരി മാർക്കറ്റിങ് ലിമിറ്റഡിന്റെ ചെയർമാനുമാണ്‌. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രതിഭാശാലിയായ അധ്യാപകനായി അറിയപ്പെടുന്ന എം കെ പ്രസാദ്‌ കലിക്കറ്റ്‌ സർവകലാശാലാ പ്രോ വൈസ്‌ ചാൻസലർ, കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ, ഇൻഫർമേഷൻ കേരള മിഷൻ ഡയറക്‌ടർ, മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പൽ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. സൈലന്റ്‌വാലി സംരക്ഷണ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചാണ്‌ പരിസ്ഥിതി മേഖലയിൽ സജീവമായത്‌.  ഐക്യരാഷ്‌ട്രസഭയുടെ യുഎൻഇപി പ്രോഗ്രാമിന്റെയും വിവിധ ദേശീയ–-അന്തർദേശീയ പരിസ്ഥിതി സംഘടനകളുടെയും ഭാഗമായി പ്രവർത്തിച്ചു.  മലിനീകരണത്തിനെതിരെയും പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെയും സംസ്ഥാനത്ത്‌ ഉയർന്നുവന്ന എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ എം കെ പ്രസാദ്‌ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനാർഹമായ നിരവധി ലേഖനങ്ങളും ജനകീയ ശാസ്‌ത്രാവബോധവും ഇടപെടലും വർധിപ്പിക്കാനുതകുന്ന പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. എറണാകളുത്ത്‌  ജൈവവൈവിധ്യ രജിസ്‌റ്റർ തയ്യാറാക്കിയത്‌ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ്‌. 87 വയസ്സുണ്ട്‌. ഭാര്യ: റിട്ട. അധ്യാപിക ഷേർലി ചന്ദ്രൻ. മക്കൾ: അഞ്ജന, അമൽ. എറണാകുളം ഗിരിനഗറിലാണ്‌ താമസം.   Read on deshabhimani.com

Related News