ഓർമകളുടെ യവനിക ഉയർത്തി സി എല്‍ ജോസ്
കൊച്ചി- കള്ളൻ കേട്ട റേഡിയോ നാടകത്തിന്റെ ഓർമകൾ പങ്കുവച്ച് നാടകകൃത്ത് സി എൽ ജോസ്. കേരളപ്പിറവിദിനത്തിൽ സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവന പുരസ്കാരം സ്വീകരിച്ചശേഷം മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ ‘കൊടുങ്കാറ്റ് ഉറങ്ങുന്ന വീട്’ എന്ന റേഡിയോ നാടകം കേട്ടാണ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് മോഷ്ടാവ് കത്തെഴുതിയത്. ആ നാടകം മൂന്നു കള്ളന്മാരുടെ കഥയാണ് പറഞ്ഞത്. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ, നാടകത്തിലെ രാമചന്ദ്രൻ എന്ന കഥാപാത്രത്തെപ്പോലെ മാനസാന്തരമുണ്ടാകാൻ ആഗ്രഹമുണ്ടെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ മോഷ്ടാവിന് മറുപടിയെഴുതിയതും വിയ്യൂർ ജയിലിൽ എത്തി കണ്ട് സംസാരിച്ചതുമെല്ലാം തൊണ്ണൂറ്റിരണ്ടുകാരനായ സി എൽ ജോസ് ഓർത്തെടുത്തു. സമഗ്ര സംഭാവന പുരസ്കാരം സമസ്‌ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി രാധാകൃഷ്‌ണൻ സമ്മാനിച്ചു. പരിഷത്തിന്റെ 97–--ാം വാർഷികവും മലയാളഭാഷാ സമ്മേളനവും പ്രൊഫ. എം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സി രാധാകൃഷ്ണൻ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. നെടുമുടി ഹരികുമാർ, ടി എം എബ്രഹാം, ശ്രീമൂലനഗരം മോഹൻ, പി യു മോഹൻ എന്നിവർ സംസാരിച്ചു. ‘നർമമലയാളം’ വിഷയത്തിൽ ജയരാജ് വാര്യർ പ്രഭാഷണം നടത്തി. ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ കവിത ആലപിച്ചു. കവിയരങ്ങ് എസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആർ കെ ദാമോദരൻ അധ്യക്ഷനായി. Read on deshabhimani.com