കാലാവസ്ഥാമുന്നറിയിപ്പ്: അന്താരാഷ്ട്ര സഫാരി സമ്മേളനത്തില്‍ പ്രത്യേക ചര്‍ച്ച



കൊച്ചി > ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഫലപ്രദമാക്കുന്നതിന് അന്താരാഷ്ട്ര സഫാരി സമ്മേളനത്തില്‍ പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കും. 15 മുതല്‍ 17 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന സഫാരി അന്താരാഷ്ട്ര സമ്മേളനത്തില്‍ നടക്കുന്ന ശാസ്ത്രജ്ഞരുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത ചര്‍ച്ചാസംഗമത്തില്‍ മത്സ്യത്തൊഴിലാളികള്‍, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ വിദഗ്ധര്‍, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) ശാസ്ത്രജ്ഞര്‍, മത്സ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കാലാവസ്ഥാ പ്രവചനം, കടല്‍ പ്രതിഭാസങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എന്നിവ ഫലപ്രദമായി മത്സ്യത്തൊഴിലാളികളിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ അവലോകനം ചെയ്യും. മൊബൈല്‍ ആപ്പ്, ഓണ്‍ലൈന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുങ്ങി എല്ലാവിധ സേവനങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഇത്തരം സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മത്സ്യത്തൊഴിലാളികളുടെ നിര്‍ദേശങ്ങളും ആരായും. ശാസ്ത്ര സമൂഹവും മത്സ്യത്തൊഴിലാളികളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നതിലൂടെ മുന്നറിയിപ്പ് ശരിയായ രീതിയില്‍ മത്സ്യത്തൊഴിലാളികളിലേക്ക് എത്തുന്നുതിനുള്ള സംവിധാനം ഫലപ്രദമാക്കാനാകുമെന്ന്് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കായി വികസിപ്പിച്ച മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും മറ്റ് പല സംസ്ഥാനങ്ങളിലും മത്സ്യത്തൊഴിലാളികള്‍ ഫലപ്രദമായി ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ ഇവ വേണ്ടത്ര വിജയകരമാകാത്തതും സംഗമം ചര്‍ച്ചചെയ്യും. നാവികരും മത്സ്യത്തൊഴിലാളികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ഇടവരുന്ന സാഹചര്യവും സംഗമത്തില്‍ ചര്‍ച്ചയാകും. ഈ പ്രശ്നം പരിഹരിക്കുന്നതിന് മീന്‍പിടുത്ത മേഖല, നാവിക സഞ്ചാര പാത തുടങ്ങിയവ കൃത്യമായി നിജപ്പെടുത്തുന്ന സ്പേഷ്യല്‍ മാപ്പിങ്് പഠനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് യോഗത്തില്‍ തീരുമാനമാകും. സഫാരി സമ്മേളനത്തില്‍ നടക്കുന്ന പ്രത്യേക സംഗമം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും. സഫാരി സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ത്രിദിന പരശീലനപരിപാടി  12ന് തുടങ്ങും. Read on deshabhimani.com

Related News