സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ
തിരുവനന്തപുരം 63–-ാം സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി. ഡിസംബർ മൂന്നുമുതൽ ഏഴുവരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഡിസംബർ നാലിന് നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്. ഇത്തവണ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് നാസ് പരീക്ഷ എഴുതുന്നത്. ഡിസംബർ 12 മുതൽ 20വരെ സംസ്ഥാനത്ത് രണ്ടാംപാദ വാർഷിക പരീക്ഷയാണ്. 21 മുതൽ 29വരെ ക്രിസ്‌മസ് അവധിയും. ഈ സാഹചര്യത്തിലാണ് കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്. സ്കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്കൂൾതല മത്സരം 15നകം പൂർത്തിയാക്കും. ഉപജില്ലാതലം നവംബർ പത്തിനും ജില്ലാതലം ഡിസംബർ മൂന്നിനുമകം പൂർത്തിയാക്കും. കലോത്സവ മാന്വവലിൽ ഭേദഗതി ഉൾപ്പെടുത്തി സമഗ്രമായി പരിഷ്കരിച്ചിരുന്നു. ഗോത്ര നൃത്തരൂപങ്ങളായ മംഗലംകളി, പണിയ നൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവ മത്സര ഇനങ്ങളായി ഉൾപ്പെടുത്തി. ഇതുപ്രകാരം കലോത്സവ വെബ്‌സൈറ്റ് പരിഷ്കരിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. Read on deshabhimani.com