ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം നടക്കുന്ന ഏറ്റവും വിപ്ളവകരമായ പരിവര്‍ത്തനമാണ് ദളിത് ശാന്തി നിയമനം; ഇത് നവോത്ഥാനത്തിന്റെ തുടര്‍ച്ച - കടകംപള്ളി സുരേന്ദ്രന്‍ സംസാരിക്കുന്നു



"1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം നടക്കുന്ന ഏറ്റവും വിപ്ളവകരമായ പരിവര്‍ത്തനമാണ് ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തി നിയമനം. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ സ്വാധീനം ചെലുത്തുന്ന നടപടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ തീരുമാനമുണ്ടാക്കിയ ചലനങ്ങള്‍ക്ക് ഞാന്‍ നേരിട്ട് അനുഭവസ്ഥനാണ്''- ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിമാരെ നിയമിച്ച വിപ്ളവകരമായ തീരുമാനത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസാരിക്കുന്നു... കേരളത്തിന്റെ സാമൂഹ്യചരിത്ത്രിലെ നിര്‍ണായക ചുവടുവയ്പാണ് ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ ഒരു പട്ടികജാതിക്കാരനെ ശാന്തിക്കാരനായി നിയമിച്ചത്. കേരളത്തിന് പുറത്തുള്‍പ്പെടെ വലിയ തോതില്‍ സ്വീകരിക്കപ്പെട്ട നടപടിയായിരുന്നു ഇത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആറ് ദളിതരാണ് ശാന്തി നിയമനത്തിന് യോഗ്യത നേടിയത്. രാജ്യത്തിന്റെ തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ദളിത് ശാന്തിക്കാരുടെ നിയമനം സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസാരിക്കുന്നു. ? പട്ടികജാതിക്കാരനെ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കാനുള്ള തീരുമാനത്തില്‍ എത്തിയത് എങ്ങനെയാണ്. എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു നടപടി. = 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം നടക്കുന്ന ഏറ്റവും വിപ്ളവകരമായ പരിവര്‍ത്തനമാണ് ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തി നിയമനം. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ സ്വാധീനം ചെലുത്തുന്ന നടപടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ തീരുമാനമുണ്ടാക്കിയ ചലനങ്ങള്‍ക്ക് ഞാന്‍ നേരിട്ട് അനുഭവസ്ഥനാണ്. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍വച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നല്ല അഭിപ്രായമാണ് പറഞ്ഞത്. കര്‍ണാടക മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ അഭിനന്ദിച്ചിരുന്നു. കര്‍ണാടകം ഈ പാത പിന്തുടരാന്‍ ശ്രമിക്കും എന്നും അറിയിച്ചു. എന്നാല്‍ കര്‍ണാടകത്തില്‍ സാമൂഹ്യ സാഹചര്യം വ്യത്യസ്തമായതിനാല്‍ ഏറെ ബുദ്ധിമുട്ടുകളുണ്ടാവും. ക്ഷേത്രപ്രവേശന വിളംബരത്തില്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജ നടത്താനുള്ള അവകാശം ലഭിക്കുന്നത് ആദ്യമാണ്. അബ്രാഹ്മണ ശാന്തിക്കാരന്‍ മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും ഒരു പട്ടികജാതിക്കാരനെ ശാന്തിക്കാരനായി നിയമിക്കുന്നത് ആദ്യമാണ്. താന്ത്രിക വിധിപ്രകാരം പൂജ പഠിച്ച യോഗ്യതയുള്ളവരെ ജാതി പരിഗണിക്കാതെ ശാന്തിക്കാരാക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. താന്ത്രിക വിധിയില്‍ പ്രാവീണ്യമില്ലെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ പൂജയ്ക്ക് നിയമിക്കപ്പെടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ രീതി മാറണം. അറിവുള്ളവരെ നിയമിക്കണം, ദേവസ്വം ശാന്തി നിയമനത്തിലെ അഴിമതി അവസാനിപ്പിച്ച് സുതാര്യമാക്കണം എന്നിങ്ങനെയുള്ള താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ദേവസ്വം ബോര്‍ഡ് ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് ഇത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സംവരണം പാലിച്ചു നടന്ന ആദ്യ നിയമനമാണിത്. ? ദേവസ്വം ബോര്‍ഡുകളിലെ അഴിമതി അവസാനിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുക. = ദേവസ്വം ബോര്‍ഡുകളിലെ പല നിയമനങ്ങളിലും അഴിമതി കൊടികുത്തി വാണിരുന്നു. ഇതിന് അറുതിവരുത്താനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ പല നടപടികളിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബോര്‍ഡുകളില്‍ ശുദ്ധീകരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുനിയുന്നത്. ഇതിനായി ദേവസ്വം ബോര്‍ഡ് നിയമത്തില്‍ പുതിയ ഭേദഗതിക്ക് സര്‍ക്കാര്‍ നടപടികളാരംഭിച്ചു. നിയമനങ്ങളില്‍ കൃത്യമായി യോഗ്യതയും സംവരണവും പാലിക്കുന്നതിന് നടപടി സ്വീകരിക്കും. നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. വര്‍ഷങ്ങളായുള്ള ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. സംസ്ഥാനത്തെ അഞ്ച് ദേവസ്വങ്ങള്‍ക്കും ഇത് ബാധകമാവും. ? പട്ടികജാതിക്കാരനെ ശാന്തിക്കാരനായി നിയമിച്ചതിനെ പൊതുസമൂഹം സ്വാഗതം ചെയ്യുന്നുവെങ്കിലും പരമ്പരാഗതമായി ശാന്തിവൃത്തി ചെയ്യുന്ന സമുദായങ്ങളുടെ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ടല്ലോ. അവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്യും. = ഇത്തരം ആശങ്കള്‍ക്കും എതിര്‍പ്പുകള്‍ക്കും ഒരടിസ്ഥാനവുമില്ല. ഇപ്പോഴത്തെ നിയമനത്തിനെതിരെ സര്‍ക്കാരിന് ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. പലരും കഥയറിയാതെ ആട്ടം കാണുകയാണ്. തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കകള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ല. ഇപ്പോഴും ക്ഷേത്രങ്ങളില്‍ ആവശ്യത്തിന് ശാന്തിക്കാരെ ലഭിക്കാനില്ലെന്നാണ് ഈ രംഗത്തുള്ളവര്‍തന്നെ പറയുന്നത്. നമ്പൂതിരിമാരുള്‍പ്പെടെ പരമ്പരാഗതമായി ശാന്തിവൃത്തി ചെയ്യുന്ന സമുദായങ്ങളിലെ പുതിയ തലമുറ അമ്പലവാസികളാവാന്‍ തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഉന്നത യോഗ്യതകളുമായി മറ്റ് തൊഴില്‍ രംഗത്ത് പ്രതിഭ തെളിയിക്കുന്നവരാണ്. പ്രൊഫഷണല്‍ രംഗത്ത് മികവുതെളിയിച്ച് പുതിയ മേഖലകള്‍ കണ്ടെത്തുകയാണവര്‍. രണ്ടാമതായി പ്രത്യേകമായി എന്തെങ്കിലും പരിഗണന നല്‍കിയല്ല പട്ടികജാതിക്കാരനെ നിയമിച്ചത്. അഭിമുഖത്തില്‍ കഴിവുതെളിയിച്ച് പട്ടികയില്‍ മുന്‍നിരയില്‍ വന്നവരെയാണ് നിയമിച്ചത്. ഏഴ് തന്ത്രിമാര്‍ അടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡാണ് അഭിമുഖത്തിലൂടെ നിയമനത്തിനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ഏഴുപേരില്‍ ആറുപേരും ബ്രാഹ്മണരായ തന്ത്രിമാരായിരുന്നു. ഏഴാമന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ രാകേഷായിരുന്നു. ഇവരാണ് കൂടിക്കാഴ്ചക്കെത്തിയവരുടെ അറിവിന്റെ ആഴവും കഴിവുമളന്നത്. തന്ത്രിമണ്ഡലത്തിന്റെ പ്രസിഡന്റുള്‍പ്പെട്ടതായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ്. ഇവര്‍ തയ്യാറാക്കിയ മെരിറ്റ് പട്ടികയില്‍ ഒരു ധീവരനുമുണ്ടായിരുന്നു. ? ദളിതനെ ശാന്തിക്കാരനായി നിയമിക്കുന്നത് സമൂഹത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുക. = നവോത്ഥാനത്തിന്റെ ഫലപ്രദമായ തുടര്‍ച്ചയാണ് ദളിത് ശാന്തി നിയമനം. സാമൂഹ്യ മാറ്റത്തില്‍ കേരളം വീണ്ടും ഇന്ത്യയ്ക്ക് മാതൃകയാവുകയാണ്. ഇതിനെ സമൂഹം രണ്ടുകൈയും നീട്ടി സ്വീകരിക്കും. തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിലെ ദളിത് ശാന്തി നിയമനത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനങ്ങള്‍ നടന്ന കാര്യം നാം വിസ്മരിക്കരുത്. ഹൈന്ദവരുടെ ആചാരങ്ങളിലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമാണെന്നൊക്കെയുള്ള ദുഷ്പ്രചാരണങ്ങള്‍ക്ക് വലിയ സ്വാധീനമൊന്നും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ? ദേവസ്വം ബോര്‍ഡുകളില്‍ എന്തെല്ലാം പരിഷ്കാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. = നിയമനം ഉള്‍പ്പെടെ സര്‍വ തലത്തിലും അഴിമതി ഇല്ലാതാക്കും. സുതാര്യമായ ഭരണസംവിധാനം കൊണ്ടുവരും. മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം സമഗ്രമായി പരിഷ്കരിക്കണം. ക്ഷേത്ര ജീവനക്കാര്‍, ആചാരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന് ഇത് കൂടിയേതീരൂ. ഗുരുവായൂര്‍ ദേവസ്വവും പ്രധാനമാണ്. ഇവിടെ നടക്കുന്ന അസംബന്ധങ്ങളും നിഷേധാത്മക സമീപനവും ഒഴിവാക്കിയേ തീരൂ. നല്ല വികസനകാര്യങ്ങളില്‍ പലര്‍ക്കും താല്‍പ്പര്യമില്ല. ക്ഷേത്രങ്ങളെ ശാന്തിമന്ത്രങ്ങള്‍ മാത്രം മുഴങ്ങുന്ന കേന്ദ്രങ്ങളാക്കും. ചില ക്ഷേത്രങ്ങളെങ്കിലും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ നിയന്ത്രണത്തിലാണ്. ചിലയിടങ്ങളില്‍ ആയോധന മുറകളുടെ പരിശീലനത്തിനും മറ്റും ക്ഷേത്രവും പരിസരവും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്ര സംരക്ഷണം, ക്ഷേത്ര ഉപദേശം എന്നൊക്കെപ്പറഞ്ഞ് വന്ന് ക്ഷേത്രത്തിന്റെ സമ്പത്ത് കവര്‍ന്നെടുക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള മാരീച വേഷങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കും. വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തില്‍നിന്ന് മാറ്റി ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കൈകളിലെത്തണം. ഇതിനെല്ലാം ഉതകുന്ന കാര്യക്ഷമമായ നിയമ ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ദേവസ്വം ബോര്‍ഡുകളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളും പരിഹരിക്കും. ഈ സ്ഥാപനങ്ങളെല്ലാം എയ്ഡഡ് പദവിയിലാണ് പ്രവര്‍ത്തിക്കുന്നത്. മാനേജ്മെന്റുകളുടെ ഉത്തരവാദിത്തത്തിലാണ് ഇപ്പോള്‍ നിയമനങ്ങള്‍ നടക്കുന്നത് . Read on deshabhimani.com

Related News