കുരുവില്ലാത്ത തണ്ണിമത്തൻ 
പോഷകസമൃദ്ധം ; പ്രതിരോധശേഷി കൂട്ടും

കുരുവില്ലാത്ത തണ്ണിമത്തൻ ഇനങ്ങളായ മഞ്ഞ "സ്വർണ'യും 
ചുവന്ന "ശോണിമ'യും


തൃശൂർ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ കുരുവില്ലാത്ത തണ്ണിമത്തനുകളിൽ  പോഷകാംശം കൂടുതലുള്ള സിട്രുലിൻ എന്ന അമിനോ അമ്ലം കൂടുതലാണെന്ന്‌ പഠനം.    വെള്ളാനിക്കര പച്ചക്കറി ശാസ്ത്രവിഭാഗമാണ്‌ കുരുവില്ലാത്ത അത്യുൽപാദനശേഷിയുള്ള   തണ്ണിമത്തനുകളായ മഞ്ഞനിറത്തിലുള്ള ‘സ്വർണ’യും ചുവന്നനിറത്തിലുള്ള ‘ശോണിമ’യും പുറത്തിറക്കിയത്‌.   സർവകലാശാല പച്ചക്കറി വിഭാഗത്തിന്റെ തണ്ണിമത്തൻ ഇന താരതമ്യ പഠനത്തിൽ ‘സ്വർണ’യിൽ ഏറ്റവും കൂടുതൽ സിട്രുലിൻ അടങ്ങിയതായി കണ്ടെത്തി. ‘സ്വർണ’യിൽ 4428.213 പിപിഎമ്മാണ്‌ സിട്രുലിൻ. ശോണിമയിൽ 3541.050 പിപിഎമ്മും. കുരുവുള്ള ഇനമായ ഷുഗർ ബേബിയേക്കാൾ ഒന്നരമടങ്ങ് കൂടുതലാണിതെന്ന്‌ പച്ചക്കറി ശാസ്‌ത്രവിഭാഗം മേധാവി ഡോ. ടി പ്രദീപ്‌കുമാർ പറഞ്ഞു. ‘സ്വർണ’യിലും ‘ശോണിമ’യിലും വിത്തില്ല. അതിനാൽ വിത്തുണ്ടാക്കുന്നതിനുള്ള ഊർജംകൂടി കാമ്പിന്റെ ഗുണത്തിനായി വഴിതിരിച്ച് വിടുന്നതിനാലാണ്‌ ഈ ഇനങ്ങൾ പോഷകസമൃദ്ധമായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ‘സ്വർണ’യും ‘ശോണിമ’യും 2012ലാണ്‌ വികസിപ്പിച്ചത്‌. കുരുവില്ലാത്തതോടൊപ്പം മികച്ച പോഷകഗുണവും സ്വാദും ഒത്തിണങ്ങിയ ഈ ഇനങ്ങൾ കേരളത്തിലെ കർഷകർക്ക് മികച്ചനേട്ടം കൊയ്യാൻ സാധിക്കുന്ന വിളകളാണ്. നവംബർ– ഡിസംബർ മാസങ്ങളാണ് വിത്തുനടാൻ അനുയോജ്യമായ സമയം. കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകളുടെ വിത്തുകൾ ലഭ്യമാകുന്ന രാജ്യത്തെ ഏക പൊതുമേഖല സ്ഥാപനമാണ്‌ കാർഷിക സർവകലാശാല. പ്രതിരോധശേഷി കൂട്ടും തണ്ണിമത്തൻ കഴിക്കുമ്പോൾ സിട്രുലിൻ വിഭജിച്ച് ഉണ്ടാവുന്ന ആർജിനിൻ എന്ന അമിനോ അമ്ലം ശരീരത്തിലെ ആന്തരിക അവയവങ്ങളിലെ അമോണിയയെ നിർവീര്യമാക്കും. തണ്ണിമത്തൻ രക്തചംക്രമണവും പ്രതിരോധശേഷിയും കൂട്ടും. രക്തസമ്മർദത്തിനും ഹൃദയ സംബന്ധിയായ അസുഖങ്ങൾക്കും ശുപാർശ ചെയ്യുന്നു. അർബുദത്തെ ചെറുക്കാനും സഹായിക്കുമെന്നും പഠനങ്ങളിലുണ്ട്‌. ലൈംഗികശേഷി വർധിപ്പിക്കാനുള്ള മികച്ച വാജീകരണ ഔഷധം കൂടിയാണിത്‌. Read on deshabhimani.com

Related News