പെരുമ്പാവൂർ അർബൻ ബാങ്ക് ; 100 കോടിയുടെ വായ്പത്തട്ടിപ്പ് : എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം
പെരുമ്പാവൂർ യുഡിഎഫ് ഭരിക്കുന്ന അർബൻ ബാങ്കിൽ വായ്പത്തട്ടിപ്പുകേസിൽ ഭരണസമിതി അംഗവും മുസ്ലിംലീഗ് നേതാവുമായ എസ് ഷറഫ് അറസ്റ്റിലായതോടെ യുഡിഎഫ് നേതാക്കൾ ഉൾപ്പെടെ മറ്റു പ്രതികൾക്കും കുരുക്ക് മുറുകുന്നു. തട്ടിപ്പു നടത്തിയ കാലഘട്ടങ്ങളിൽ ബാങ്ക് ഭാരവാഹികളായിരുന്ന യുഡിഎഫ് നേതാക്കളും ജീവനക്കാരുമുൾപ്പെടെ 26 പേരാണ് പ്രതികൾ. ഷറഫ് റിമാൻഡിലായതോടെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽനിന്ന് നൂറുകോടി രൂപയുടെ വായ്‌പത്തട്ടിപ്പ് നടന്നതായി ആരോപിച്ച് നിക്ഷേപകർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ബാങ്കിലെ കഴിഞ്ഞ ഭരണസമിതികളുടെ കാലത്ത് വ്യാജ ആധാരങ്ങളിലൂടെ പലരുടെയും പേരിൽ വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയതാണ് കേസ്. ഒരേ ഭൂമി പല പേരിൽ പണയപ്പെടുത്തി പല പേരുകളിൽ വായ്‌പയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വസ്തുവിൽ 20 ലക്ഷം രൂപയിൽ കൂടുതൽ നൽകാൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കെയാണ് 3.60 കോടി രൂപ ബാധ്യതയുള്ള ഭൂമി ഈടുവാങ്ങി 7.80 കോടി രൂപ വായ്പ നൽകിയത്. 39 വായ്പകൾ 20 ലക്ഷത്തിനുമുകളിലുള്ളവയാണ്. വഴിപോലുമില്ലാത്ത സ്ഥലം പണയപ്പെടുത്തി മുൻ പ്രസിഡന്റ് വിദ്യാർഥികളുടെ പേരിൽ വായ്‌പ എടുത്തിട്ടുണ്ട്. നിക്ഷേപ സംരക്ഷണസമിതിയുടെ പരാതി വന്നതിനുശേഷമാണ് ജോയിന്റ് രജിസ്‌ട്രാർ ഓഫീസിൽനിന്ന് അന്വേഷണം തുടങ്ങിയത്. എല്ലാ കുറ്റക്കാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം ആവശ്യപ്പെട്ടു. Read on deshabhimani.com