കോൺഗ്രസിൽ ഭിന്നത: എംപിയും എംഎൽഎയും രണ്ടുതട്ടിൽ
പെരുമ്പാവൂർ പെരുമ്പാവൂർ മണ്ഡലത്തിലെ വികസനകാര്യത്തിലും സംഘടനാതലത്തിലും കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായി. പൂട്ടിക്കിടക്കുന്ന വല്ലം ട്രാവൻകൂർ റയോൺസ് വളപ്പിൽ നടപ്പാക്കേണ്ട പദ്ധതിയെക്കുറിച്ച് ബെന്നി ബെഹനാൻ എംപിയും എൽദോസ് കുന്നപ്പിള്ളി എംഎൽഎയും വ്യത്യസ്‌ത വാർത്താക്കുറിപ്പ് ഇറക്കി. റയോൺസിന്റെ സ്ഥലം ഏറ്റെടുത്ത് സ്പോർട്‌സ് യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് ബെന്നി ബെഹനാൻ അറിയിച്ചപ്പോൾ, പെരിയാറിന്റെ തീരത്തുള്ള 75 ഏക്കറിൽ പരിസ്ഥിതിസൗഹൃദ വ്യവസായം സ്ഥാപിക്കുമെന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ കുറിപ്പ്. മണ്ഡലത്തിലെ വികസനത്തിന് എംപി ഫണ്ട് അനുവദിക്കാത്തത് കോൺഗ്രസുകാർക്കിടയിൽ ചർച്ചയാണ്. എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച വേങ്ങൂർ പഞ്ചായത്തിലെ വെട്ടുവളവ്–-ചെറുകുന്നം റോഡിന്റെ ഉദ്ഘാടനം നടക്കുംമുമ്പ് പലയിടത്തും തകർന്നതിൽ വിമർശവുമായി കോൺഗ്രസുകാർ രംഗത്തെത്തിയിട്ടുണ്ട്. റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ഐഎൻടിയുസി പെരുമ്പാവൂർ റീജണൽ പ്രസിഡന്റിനെ നീക്കിയതും ഗ്രൂപ്പുകൾ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി. നിലവിലെ പ്രസിഡന്റ് ഡേവിഡ് തോപ്പിലാനെ മാറ്റി വി ഇ റഹിമിനെ നിയമിച്ചതിലാണ് എതിർപ്പ്. നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളിലെ ഭാരവാഹികൾ രാജിവച്ചു. Read on deshabhimani.com