എയ്‌ഡഡ്‌ നിയമനം: പുതിയ ഉത്തരവില്ല ; മനോരമയുടെ ഒരു നുണകൂടി പൊളിഞ്ഞു



തിരുവനന്തപുരം മലയാള മനോരമ പത്രം തിങ്കളാഴ്‌ച ഒന്നാം പേജിൽ പ്രധാന വാർത്തയായി നൽകിയ ‘ എയ്‌ഡഡ്‌ നിയമനം കുരുക്കിൽ ’ എന്ന വാർത്ത വ്യാജമാണെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കാനോ, നിലവിൽ അംഗീകരിച്ച നിയമനം പുന:പരിശോധിക്കുവാനോ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വാർത്ത പൂർണമായും തെറ്റാണ്‌. ഹൈക്കോടതി ഉത്തരവ്‌ പ്രകാരം, 2021 നവംബർ എട്ടിനുശേഷം  ഉണ്ടാകുന്ന ഒഴിവിൽ  ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് വരെ എയ്ഡഡ് സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താവൂ. ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസൽ തിരികെ നൽകുന്നതിനും, വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ  അംഗീകരിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചത്‌. ഇതിൽ പരസ്പര വിരുദ്ധതയോ അവ്യക്തതയോ ഇല്ല –- മന്ത്രി പറഞ്ഞു. നിയമനാംഗീകാര നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാനാണ്‌ ഫലത്തിൽ പുതിയ നിർദേശം ഉപയോഗപ്പെടുക. ഇതിനെയാണ്‌ മനോരമ സർക്കാർ വിരുദ്ധമായി ഉപയോഗിക്കാൻ വളച്ചൊടിച്ച്‌ സ്ഥിര നിയമനങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ടെന്ന്‌ ദുർവ്യാഖ്യാനിച്ചത്‌.   Read on deshabhimani.com

Related News