ചക്രക്കസേരയിലെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ശരത് പടിപ്പുര
പെരുമ്പാവൂര്‍ വാഹനാപകടത്തിൽ ശരീരം തളർന്നിട്ടും വീൽചെയറിൽ സഞ്ചരിച്ച് കലകളിലൂടെ സമൂഹത്തെ നെഞ്ചോടണയ്ക്കുകയാണ് കീഴില്ലം ഷാപ്പുപടി ശരത് പടിപ്പുര (40). സംഗീതം, നാടകം, മെന്റലിസം, മാജിക് എന്നിവയില്‍ പയറ്റിത്തെളിയുകയാണ് ഈ യുവാവ്. 2008 മാർച്ചിൽ ടിപ്പർ ലോറിയിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റശേഷം നാലു കൊല്ലം ചികിത്സിച്ചിട്ടും ശരീരം അരയ്ക്കുതാഴെ തളർന്നപ്പോള്‍ വേദനകളെ ശരത്, സംഗീതംകൊണ്ട് തോല്‍പ്പിച്ചു. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരെ ജനമധ്യത്തിലേക്കിറക്കുക എന്ന ലക്ഷ്യത്തോടെ വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിച്ച് ഓണാഘോഷമാരുക്കി വീല്‍ചെയര്‍ സംഗമം നടത്തി. തുടര്‍ന്ന്, ശരീരം തളർന്നവരിൽനിന്ന് ഗായകരെ കണ്ടെത്തി "ഫ്രീഡം ഓണ്‍ വീല്‍സ്' എന്ന സംഘടന രൂപീകരിച്ച് ഗാനമേള ട്രൂപ്പ് ഒരുക്കി. വീല്‍ചെയറില്‍ ഇരിക്കുന്നവരുടെ ആദ്യത്തെ ഗാനമേള ട്രൂപ്പ് കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ 500 വേദികളില്‍ പാടി. വളയൻചിറങ്ങര സുവര്‍ണ തിയറ്റേഴ്സിന്റെ കീഴിൽ വീൽചെയർ നാടകം "ഛായ' അരങ്ങിലെത്തിച്ചു. സൂര്യ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി വേദികളില്‍ നാടകം അരങ്ങേറി.ഫ്രീഡം ഓണ്‍ വീല്‍സിന്റെ നേതൃത്വത്തിൽ, സ്വയംതൊഴില്‍ കണ്ടെത്തി പാലിയേറ്റിവ് സഹായത്തോടെ ഉപജീവനം നടത്തുന്നതിന് സോപ്പ് നിർമിച്ച് വിപണിയില്‍ എത്തിക്കുകയും 180 പേര്‍ക്ക് സൗജന്യമായി വീല്‍ചെയറുകളും അവശ്യ ഉപകരണങ്ങളും സുമനസ്സുകളുടെ സഹായത്തോടെ നല്‍കുകയും ചെയ്തു. സംഘടനയ്‌ക്ക് ശ്രേഷ്‌ഠ കാതോലിക്കാ ബാവാ പുരസ്‌കാരവും ലഭിച്ചു. എന്‍ പരമേശ്വരന്‍നായര്‍ അവാര്‍ഡ്, ജിമ്മി ജോര്‍ജ് പുരസ്‌കാരം, പത്തനംതിട്ട ഗാന്ധി ഭവന്‍ അവാർഡ് എന്നിവ ശരത്തിന് ലഭിച്ചിട്ടുണ്ട്. കേരള സ്‌കൂള്‍ ഓഫ് മെന്റലിസത്തില്‍നിന്നാണ് മെന്റലിസം, മാജിക് എന്നിവ ശരത് പഠിച്ചത്. ആദ്യത്തെ വീല്‍ചെയര്‍ മജീഷ്യന്‍, മെന്റലിസ്റ്റ് എന്ന നിലയില്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ് 15ന് ഇദ്ദേഹം ഏറ്റുവാങ്ങും. ഭാര്യ: അമൃത. മക്കൾ: ആവണി, ആദവ്. Read on deshabhimani.com