ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ; സ്കൂളുകൾക്കായി പ്രോട്ടോകോൾ
വികസിപ്പിക്കും : മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം സംസ്ഥാനത്തെ സ്കൂളുകൾ മാലിന്യമുക്തമാക്കാനുള്ള ‘ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകൾക്കായി പ്രോട്ടോകോൾ വികസിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്‍സിഇആർടിക്കാണ് ഇതിന്റെ ചുമതല. ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ, ജില്ലാ, സംസ്ഥാന തലത്തില്‍ മാലിന്യമുക്ത പ്രഖ്യാപനം ഉണ്ടാകും. നവംബർ ഒന്നിന്‌ 50 ശതമാനം സ്കൂളുകളെയും ഡിസംബർ 31ന്‌ മുഴുവൻ സ്കൂളുകളെയും സമ്പൂർണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. പരിഷ്‌കരിച്ച മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസിലെ പരിസരപഠനം, അടിസ്ഥാനശാസ്ത്രം, ജീവശാസ്ത്രം, ഹിന്ദി എന്നീ പാഠപുസ്തകങ്ങളിൽ മാലിന്യ സംസ്കരണവും ശുചിത്വബോധവും പ്രതിപാദിക്കുന്നുണ്ട്. ഈ ക്ലാസുകളിലുൾപ്പെടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലൂന്നി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ക്യാമ്പയിന്റെ രണ്ടാംഘട്ടം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഒന്നാംഘട്ടത്തിൽ വിദ്യാർഥികളടക്കം ഒരു കോടി പേരെ അണിനിരത്തി. വിദ്യാർഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് അവരുടെ അവകാശ സംരക്ഷണത്തിന്റെ കാതലായ പരിരക്ഷ, സുരക്ഷ, പങ്കാളിത്തം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ്‌ സ്കൂൾതലത്തിൽ കർമപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലൂടെ എല്ലാ കുടുംബങ്ങളിലും എത്തിക്കും. നവംബർ 14ന് സ്കൂളുകളിൽ ശിശുദിന ലഹരിവിരുദ്ധ അസംബ്ലി സംഘടിപ്പിക്കും. ഡിസംബർ 10ന് ലഹരിവിരുദ്ധ സെമിനാറും നടത്തും. ഇതിന്റെ തുടർച്ചയായി 2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേരുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News