പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥ ; കരട് വിജ്ഞാപനം അന്തിമമാക്കൽ തടഞ്ഞു



കൊച്ചി സംസ്ഥാനത്തെ 131 വില്ലേജ്‌ പരിസ്ഥിതിലോല മേഖലയിൽപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം അന്തിമമാക്കുന്നത് ഒരുമാസത്തേക്കുകൂടി ഹൈക്കോടതി തടഞ്ഞു. പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്എ) വിജ്ഞാപനവുമായി ബന്ധപ്പെട്ട ഹർജിയിൽ നേരത്തേ ഓക്ടോബർ നാലുവരെ തടഞ്ഞ് ഇടക്കാല ഉത്തരവിട്ടിരുന്നു. വിശദീകരണത്തിന്‌ ഒരുമാസംകൂടി അനുവദിക്കണമെന്ന സർക്കാർ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുൺ ഉത്തരവ് നീട്ടിയത്. പൂഞ്ഞാർ സ്വദേശി തോംസൺ കെ ജോർജ്, തീക്കോയി സ്വദേശി ടോബിൻ സെബാസ്‌റ്റ്യൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്‌. ജൂലൈ 31നാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ മലയാളപരിഭാഷയും പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട കക്ഷികളെ കേട്ടശേഷമാകണം പരിസ്ഥിതിലോല മേഖലയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പരിഭാഷ പ്രസിദ്ധപ്പെടുത്തിയശേഷംമാത്രമേ എതിർപ്പ് അറിയിക്കാനുള്ള സമയം ആരംഭിക്കുകയുള്ളൂവെന്നും വിജ്ഞാപനത്തിലെ തീയതി തെറ്റാണെന്നും പ്രദേശത്തിന്റെ വ്യക്തമായ മാപ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. കേരള ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ മാപ്പ് പ്രസിദ്ധീകരിച്ചതായി വിജ്ഞാപനത്തിൽ പറയുന്നുണ്ടെങ്കിലും ലഭ്യമല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദീകരണം തേടിയ കോടതി ഹർജി 29ന് പരിഗണിക്കാൻ മാറ്റി. Read on deshabhimani.com

Related News