തൃക്കാക്കര നഗരസഭ ; യുഡിഎഫില്‍ തമ്മിലടി , രാജിക്കൊരുങ്ങി ലീഗ് വനിതാ കൗണ്‍സിലര്‍
തൃക്കാക്കര തൃക്കാക്കര നഗരസഭാ ഭരണസമിതിയിൽ കോൺഗ്രസ്–-മുസ്ലിംലീഗ് കൗൺസിലർമാർ തമ്മിൽ പോര് മുറുകി. തുടർന്ന് സജീന അക്ബര്‍ വികസന സ്ഥിരംസമിതി അംഗത്വം രാജിവയ്‌ക്കാനൊരുങ്ങി. നഗരസഭാ അധ്യക്ഷയുടെ ഓഫീസിലെത്തിയ സജീന അക്ബര്‍ വികസന സ്ഥിരംസമിതിയിൽനിന്ന് രാജിവയ്‌ക്കുന്നതായി അറിയിച്ചെങ്കിലും രാജിക്കത്ത് നല്‍കിയിട്ടില്ല. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കെ ഭരണസമിതിയിലെ ഭിന്നത യുഡിഎഫ് നേതൃത്വത്തിന് തലവേദനയാകും. മുസ്ലിംലീഗ് അംഗമായ സജീന അക്ബറിന്റെ വാർഡിലെ പ്രാഥമികാരോഗ്യകേന്ദ്രം കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാലയുടെ വാർഡിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനമാണ് യുഡിഎഫിലെ ഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്കെത്താന്‍ കാരണം. രാഷ്ട്രീയ പകപോക്കലാണ് ആരോഗ്യകേന്ദ്രം മാറ്റുന്നതിനുപിന്നിലെന്ന് സജീന അക്ബര്‍ പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാനുള്ള അജൻഡ മാറ്റിവയ്ക്കണമെന്ന് ലീഗ് കൗൺസിലർമാരായ എ എ ഇബ്രാഹിംകുട്ടിയും സജീന അക്ബറും കൗൺസിലിൽ ആവശ്യപ്പെട്ടു. ഇതിനെതിരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൗൺസിലറുമായ റാഷിദ് ഉള്ളംപള്ളി, ഉണ്ണി കാക്കനാട്, ഷാജി വാഴക്കാല എന്നിവർ രംഗത്തെത്തി. ഇതോടെ കൗൺസിലർമാർ ചേരിതിരിഞ്ഞു. 32 അജൻഡകളുമായി വെള്ളി രാവിലെ കൗൺസിൽ യോഗം വിളിച്ചുചേർത്തതിനെതിരെ കോൺഗ്രസ്–-മുസ്ലിംലീഗ് അംഗങ്ങൾ നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ചു. മുസ്ലിംലീഗ് അംഗം എ എ ഇബ്രാഹിംകുട്ടിയും പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ ആപ്പ് ജനങ്ങൾക്ക് ലഭ്യമായില്ലെന്ന് പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു. എൽഡിഎഫ് കൗൺസിലർമാരായ എം ജെ ഡിക്സൻ, ജിജോ ചിങ്ങത്തറ, സൽമ ഷിഹാബ് എന്നിവർ ചർച്ചയിൽ സംസാരിച്ചു. Read on deshabhimani.com