ബിജെപി സംഘടനാ തെരഞ്ഞെടുപ്പ്‌ അനിശ്‌ചിതമായി മാറ്റി



സംസ്‌ഥാന പ്രസിഡന്റ്‌ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെ ബിജെപി സംഘടനാ തെരഞ്ഞെടുപ്പ്‌ അനിശ്‌ചിതമായി മാറ്റി. ബൂത്ത്‌ ഭാരവാഹി മുതൽ സംസ്ഥാന പ്രസിഡന്റ്‌  വരെയുള്ള തെരഞ്ഞെടുപ്പ് 15നകം പൂർത്തിയാക്കുമെന്നാണ്‌ പ്രഖ്യാപിച്ചിരുന്നത്‌. ഇതനുസരിച്ച്‌ ബൂത്ത്‌, മണ്‌ഡല ഭാരവാഹികളെ ഒക്ടോബറിലും ജില്ലാ പ്രസിഡന്റിനെ നവംബറിലും സംസ്ഥാന പ്രസിഡന്റിനെ ഡിസംബറിലും തെരഞ്ഞെടുക്കണം. എന്നാൽ ബൂത്തുതല തെരഞ്ഞെടുപ്പുപോലും ഇതുവരെ നടന്നില്ല. തെരഞ്ഞെടുപ്പ്‌ ഒഴിവാക്കി ബൂത്ത്‌ പ്രസിഡന്റുമാരെ നാമനിർദേശം ചെയ്യാനാണ്‌ ആർഎസ്‌എസിന്‌ താൽപ്പര്യം. തെരഞ്ഞെടുപ്പിലൂടെ ഇഷ്‌ടക്കാരെ പ്രസിഡന്റാക്കാൻ കഴിയില്ലെന്ന്‌ ആർഎസ്‌എസ്‌ ഭയപ്പെടുന്നു. ചില ബൂത്തുകളിൽ പ്രസിഡന്റുമാരെ ആർഎസ്‌എസ്‌ നിർദേശിച്ചിരുന്നത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ്‌ നേതൃത്വത്തിന്‌. ഇതോടെയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ നിർത്തിവയ്‌ക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചത്‌.  പി എസ്‌ ശ്രീധരൻപിള്ള മിസോറം ഗവർണറായതോടെ ബിജെപിക്ക്‌ കേരളത്തിൽ നാഥനില്ലാതായി. പ്രസിഡന്റിനെ ചൊല്ലിയും തർക്കം രൂക്ഷമാണ്‌.  വി മുരളീധരനെ പിന്തുണക്കുന്ന കെ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന്‌ ആർഎസ്‌എസും പി കെ കൃഷ്‌ണദാസ്‌ പക്ഷവും പറയുന്നു. കുമ്മനം രാജശേഖരന്റെ പേരാണ്‌ ആർഎസ്‌എസ്‌ നിർദേശിച്ചത്‌. കുറെക്കാലമായി കേന്ദ്രനേതൃത്വം കേരളത്തിലെ ആർഎസ്‌എസിനെ അവഗണിക്കുകയാണ്‌. അതിനാൽ സംസ്ഥാന പ്രസിഡന്റിനായി പിടിമുറുക്കാനാണ്‌ ആർഎസ്‌എസ്‌ തീരുമാനം. Read on deshabhimani.com

Related News