കെഎസ്‌ആർടിസിയിൽ ഒരുവിഭാഗം ഇന്ന്‌ പണിമുടക്കും ; ഡയസ്‌നോൺ പ്രഖ്യാപിച്ചു



തിരുവനന്തപുരം   പ്രതിസന്ധിയിലായ കെഎസ്‌ആർടിസിയിൽ പത്തിനകം ശമ്പളം നൽകാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പ്‌ കണക്കിലെടുക്കാതെ  ഒരു വിഭാഗം സംഘടനകൾ വ്യാഴം അർധരാത്രിമുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക്‌ നടത്തും. ഐഎൻടിയുസി, ബിഎംഎസ്‌, എഐടിയുസി സംഘടനകളാണ്‌ അഞ്ചിനകം ശമ്പളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പണിമുടക്കിന്‌ നോട്ടീസ്‌ നൽകിയത്‌.  വ്യാഴാഴ്‌ച അംഗീകൃത ട്രേഡ്‌ യൂണിയൻ പ്രതിനിധികളെ ഗതാഗതമന്ത്രി ആന്റണി രാജു ചർച്ചയ്‌ക്ക്‌ വിളിച്ചിരുന്നു. പത്തിനകം ശമ്പളം നൽകാമെന്നും അഞ്ചുദിവസം സാവകാശം നൽകണമെന്നും  മന്ത്രി അഭ്യർഥിച്ചെങ്കിലും ഐഎൻടിയുസി, ബിഎംഎസ്‌, ടിഡിഎഫ്‌ സംഘടനകൾ  പിൻമാറിയില്ല. ഇതെ തുടർന്ന്‌ മാനേജ്‌മെന്റ്‌ ഡയസ്‌നോൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വന്നശേഷം കെഎസ്‌ആർടിസിയെ മെച്ചപ്പെടുത്താനുള്ള ഉന്നതതലയോഗം ചേരാമെന്ന്‌ ഉറപ്പുനൽകിയതിനാൽ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന്‌ കെഎസ്‌ആർടിഇഎ (സിഐടിയു) ജനറൽ സെക്രട്ടറി എസ്‌ വിനോദ്‌, വർക്കിങ് പ്രസിഡന്റ്‌ സി കെ ഹരികൃഷ്‌ണൻ, ട്രഷറർ പി ഗോപാലകൃഷ്‌ണൻ എന്നിവർ അറിയിച്ചു. പണിമുടക്ക്‌ കെഎസ്‌ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ നയിക്കുമെന്ന്‌ മന്ത്രി ആന്റണി രാജു പറഞ്ഞു. അഞ്ചിനകം ശമ്പളമെന്ന ആവശ്യം ന്യായമാണ്‌. എന്നാൽ, സാമ്പത്തികപ്രതിസന്ധി രൂക്ഷമാണ്‌.   സമരപ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. പണിമുടക്ക്‌ രാഷ്‌ട്രീയപ്രേരിതം: ആനത്തലവട്ടം ആനന്ദൻ ശമ്പളം നൽകാൻ അഞ്ചു ദിവസം സാവകാശം നൽകാതെ കെഎസ്‌ആർടിസിയിൽ ഒരുവിഭാഗം സംഘടനകൾ പണിമുടക്കുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയപ്രേരിതവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന്‌ കെഎസ്‌ആർടിഇഎ  പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. ഏപ്രിലിലെ ശമ്പളം പത്തിനകം നൽകുമെന്നും അടുത്തമാസം മുതൽ അഞ്ചിനകം ശമ്പളം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പുനൽകി. കോർപറേഷന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും ചർച്ചയിൽ ഗതാഗത മന്ത്രി പറഞ്ഞു. സർക്കാർ സഹായത്തോടെയാണ് പെൻഷനും ശമ്പളവും വിതരണം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ശമ്പളപരിഷ്കരണവും നടപ്പാക്കി. എന്നാൽ, ഡീസലിന്റെ അനിയന്ത്രിത വിലക്കയറ്റം പ്രതിസന്ധി രൂക്ഷമാക്കി. അതിനെ മറികടക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കുന്നത്‌.    ഒരു ദിവസം പണിമുടക്കുമ്പോൾ അഞ്ചരക്കോടി രൂപയാണ്‌ നഷ്ടമാകുന്നത്‌. ഈ പണംകൂടി ഉണ്ടെങ്കിലേ പത്തിനകം ശമ്പളം നൽകാനാകൂ. ഈ സാഹചര്യത്തിൽ സ്ഥാപനത്തോട്‌ കൂറുള്ള ഒരു സംഘടനയ്‌ക്കും പണിമുടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News