മന്ത്രി ശിവൻകുട്ടി ഇടപെട്ടു ; വെബ്സൈറ്റിലെ പിശക് തിരുത്തും



തിരുവനന്തപുരം കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷന്റെ (കോബ്‌സെ) വെബ്‌പോർട്ടലിൽ കേരള ഹയർ സെക്കൻഡറി പരീക്ഷാബോർഡിന്റെ  പേര് തെറ്റായി രേഖപ്പെടുത്തിയത്‌ ഉടൻ തിരുത്തുമെന്ന്‌ കോബ്സെ ജനറൽ സെക്രട്ടറി  എം സി ശർമ അറിയിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ട്‌ ഇടപെട്ടതോടെയാണ്‌ പിശക് ഉടൻ  തിരുത്തുമെന്ന് കോബ്സെ ജനറൽ സെക്രട്ടറി മന്ത്രിക്ക്‌ ഉറപ്പ് നൽകിയത്‌. കോബ്‌സെ വെബ്‌പോർട്ടലിൽ ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ്, കേരള എന്നതിനു പകരം കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.  പരാതികൾ ഉയർന്നതോടെ വിഷയത്തിൽ ഇടപെടാൻ മന്ത്രി വി ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ ചുമതലപ്പെടുത്തി. പിശക് തിരുത്തണം എന്നാവശ്യപ്പെട്ട്  മാർച്ച് ഏഴിന് കോബ്സെ ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ മാസം മൂന്നിന് വീണ്ടും കത്തുനൽകി. നാലിന്‌ വെബ്‌സൈറ്റിൽ ബോർഡ് ഓഫ് ഹയർ സെക്. എക്സാമിനേഷൻ, കേരള എന്ന് തിരുത്തിയതായി കണ്ടു. ഇതും തെറ്റായതിനാൽ തിരുത്തുന്നതിന്‌ വീണ്ടും കത്തയച്ചു. കത്ത് അയച്ചതിനുപിന്നാലെ മന്ത്രി കോബ്സെ ജനറൽ സെക്രട്ടറി എം സി ശർമയെ നേരിട്ട് വിളിച്ച്‌ ഇക്കാര്യം അറിയിക്കുകയായിരുന്നു. Read on deshabhimani.com

Related News