ആലുവ ബ്ലഡ് ബാങ്കിന് പ്ലേറ്റ്ലെറ്റ് ഫെറേസിസ് ലൈസൻസ് ; രക്തദാനമില്ലാതെ നേരിട്ട് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുക്കാം
ആലുവ രക്തദാനം ഒഴിവാക്കി ദാതാവിൽനിന്ന് നേരിട്ട് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുക്കാൻ കഴിയുന്ന പ്ലേറ്റ്‌ലെറ്റ് ഫെറേസിസ് ലൈസൻസ് നേടി ആലുവ ബ്ലഡ് ബാങ്ക്. ഈ ലൈസൻസ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലഡ് ബാങ്കാണിത്. ദാതാവിന്റെ രക്തത്തിൽനിന്ന് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചശേഷം രക്തത്തിന്റെ മറ്റു ഭാഗങ്ങൾ ദാതാവിന് തിരികെ നൽകാനാകും. ദാതാവിന്റെ രക്തം രണ്ടുമണിക്കൂറോളം ഒരു യന്ത്രത്തിലൂടെ കടത്തി പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ച് ശേഖരിക്കും. ശേഷമുള്ള രക്തം അതേസമയംതന്നെ ദാതാവിന്റെ ശരീരത്തിലേക്ക് തിരികെ നൽകും. നിലവിൽ രക്തദാനത്തിനുശേഷം പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇതുവഴി പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവായിരിക്കുമെന്നുമാത്രമല്ല, മൂന്നുമാസത്തിൽ ഒരിക്കൽമാത്രമേ ഇതിനായി രക്തദാനം നടത്താനും കഴിയൂ. എന്നാൽ, പ്ലേറ്റ്‌ലെറ്റ് ഫെറേസിസ് സംവിധാനത്തിലൂടെ ആറുമുതൽ എട്ട് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകൾ ലഭിക്കും. കൂടാതെ ഏഴുദിവസം കഴിഞ്ഞാൽ ദാതാവിന് വീണ്ടും പ്ലേറ്റ്‌ലെറ്റുകൾ ദാനം ചെയ്യാനും കഴിയും. ആലുവ ബ്ലഡ് ബാങ്കിൽ ആദ്യത്തെ പ്ലേറ്റ്‌ലെറ്റ് ഫെറേസിസ് പത്തിന് രാവിലെ നടക്കുമെന്ന് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എൻ വിജയകുമാർ അറിയിച്ചു. Read on deshabhimani.com