തിരുവഞ്ചൂരിന്റെ ഗവർണർ പ്രേമം ; വെളിപ്പെട്ടത് ബിജെപി സ്നേഹം , തമാശയെന്ന്‌ വി ഡി സതീശൻ



കോട്ടയം ഗവണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ അഞ്ചുവർഷം കൂടി തുടരട്ടെയെന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആഗ്രഹത്തിലൂടെ പുറത്തായത്‌ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളുടെ സംഘപരിവാർ ‘പ്രേമം’. ജനകീയ സർക്കാർ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച്‌ സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ ചട്ടുകമായാണ്‌ ഗവർണർമാർ പ്രവർത്തിക്കുന്നതെന്നാണ്‌ എഐസിസിയുടെ മുൻനിലപാട്‌. ഇതുകൂടി തള്ളിയാണ്‌ തിരുവഞ്ചൂർ  ഗവർണർ ‘പ്രേമം’ തുറന്നുപറഞ്ഞത്‌. അച്ചടക്കസമിതി ചെയർമാൻ കൂടിയായ നേതാവ്‌ ഇങ്ങനെ അച്ചടക്കമില്ലാത്ത ആളായതിൽ യുഡിഎഫിൽ പലർക്കും അതൃപ്‌തിയുണ്ട്‌. കേരളത്തിൽ ജനോപകാരപ്രദമായ നിയമങ്ങൾക്കുവേണ്ടിയുള്ള ബില്ല്‌ തടയൽ, ചാൻസലർ പദവി ദുരുപയോഗം ചെയ്യൽ, നിയമസഭയെ വെല്ലുവിളിക്കൽ തുടങ്ങിയവയാണ്‌ ഗവർണർ ആരിഫ്‌ മോഹമ്മദ്‌ ഖാൻ ഇതുവരെ ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ. സർവകലാശാലാ ഭരണം തടസ്സപ്പെടുത്തി സിൻഡിക്കറ്റിലും, സെനറ്റിലും സംഘപരിവാർ പ്രതിനിധികളെ തിരുകിക്കയറ്റിയതാണ്‌ മറ്റൊന്ന്‌. ഇങ്ങനെയുള്ള ഗവർണറെയാണ്‌ തിരുവഞ്ചൂർ വീരപുരുഷനാക്കിയത്‌. ഇതേ നിലപാടാണ്‌ കേരളത്തിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളായ കെ സുധാകരനും വി ഡി സതീശനുമൊക്കെ പലപ്പോഴും എടുത്തത്‌. അതുകൊണ്ട്‌ തിരുവഞ്ചുരിന്റെ പ്രേമത്തിന്‌ അവരാരും എതിര്‌ നിൽക്കാനും ഇടയില്ല. അത്‌ തിരുവഞ്ചൂരിന്റെ തമാശ: സതീശൻ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ അഞ്ചുവർഷംകൂടി തുടരണമെന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ പരാമർശം തമാശയെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. ‘യോഗത്തിൽ അതിഥിയെ സ്വാഗതം ചെയ്യുന്ന സാധാരണ തമാശ’ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോടുള്ള സതീശന്റെ പ്രതികരണം. കോൺഗ്രസ്‌ ഗവർണറുടെ കൂടെയല്ല. ഗവർണർ എടുത്ത നിലപാടിനോട്‌ യോജിപ്പില്ലെന്നും സതീശൻ പറഞ്ഞു. Read on deshabhimani.com

Related News