ഓറഞ്ചിൽ കണ്ണിര്; വിരിഞ്ഞു മഞ്ഞ
പുതുക്കാട് > ഓണത്തിന് പൂക്കളമൊരുക്കാൻ മലയാളികൾ ചെണ്ടുമല്ലി പൂക്കളെ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയതോടെ ഇവക്ക് ഡിമാൻ്റ് ഏറുകയായിരുന്നു. അടുത്ത കാലത്തായി വരവ് പൂക്കളെ ആശ്രയിക്കുന്നതിന് പകരം നാട്ടിൻപുറങ്ങളിൽ പൂ കൃഷി വ്യാപകമായി തുടങ്ങി. കുടുംബശ്രീയും ചെറുകിട കർഷകരും ഇത്തരത്തിൽ പൂ കൃഷി ആരംഭിച്ചതോടെ തദ്ദേശിയമായി കൃഷി ചെയ്ത പൂക്കൾ ഓണ വിപണി കയ്യടക്കി വരികയായിരുന്നു. ഇക്കുറിയും ഓണത്തിന് തരക്കേടില്ലാത്ത വിപണി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പൂകൃഷി ചെയ്ത പല പൂ കർഷകരും സങ്കടത്തിലാണ്. ഓറഞ്ച്, മഞ്ഞ എന്നി നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് ഓണത്തിനായി കർഷകർ കൃഷി ചെയ്തത്. ഇതിൽ അത്തത്തിന് മുൻപേ മഞ്ഞ പൂക്കൾ വിരിഞ്ഞ് വിളവെടുപ്പിന് പാകമായി. എന്നാൽ ഓറഞ്ച് പൂക്കൾ വിരിഞ്ഞത് ഓണം കഴിഞ്ഞാണ്. അതേ സമയം പൊലിമ പുതുക്കാട് പദ്ധതി പ്രകാരം പുഷ്പഗ്രാമത്തിൽ ഉൾപ്പെടുത്തി ധാരാളം പേർ പൂ കൃഷി വിജയകരമായി നടപ്പിലാക്കിയിട്ടുമുണ്ട് വരന്തരപ്പിള്ളി അമ്മുകുളത്ത് ഭൂമി പാട്ടത്തിനെടുത്ത് പൂ കൃഷി നടത്തിയ രണ്ട് കുടുംബിനികളുടെ ഓറഞ്ച് പൂക്കളും വിരിഞ്ഞത് ഓണം കഴിഞ്ഞാണ്. പുഷ്പഗ്രാമത്തിൽ ഉൾപ്പെടുത്തിയാണ് ഇരുവരും ചെണ്ടുമല്ലികൃഷി നടത്തിയത്. 1500 ഹൈബ്രീഡ് ചെടികളാണ് കൃഷിവകുപ്പിൽ നിന്ന് വാങ്ങിയത്.ഒരേ സമയം കൃഷി ചെയ്തതിൽ മഞ്ഞപൂക്കൾ വിരിയുകയും ഓറഞ്ച് ചെടികൾ മൊട്ടിട്ടു നിൽക്കുകയും ചെയ്യുകയായിരുന്നു. ഓണം കഴിഞ്ഞതോടെ പൂക്കൾ വിൽപ്പന നടത്താൻ ഇവർ ഏറെ ശ്രമിച്ചെങ്കിലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയായിരുന്നു. ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കൾക്ക് കിലോക്ക് 150 രൂപയിലേറെ വിലയുണ്ടായിരുന്നു എങ്കിലും ഇപ്പോൾ 20 രൂപയ്ക്ക് പോലും പൂക്കൾ എടുക്കാൻ ആളില്ലാത്ത സ്ഥിതിയായി. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന പൂക്കൾ നാലുദിവസം വരെ കേടുകൂടാതെ ഇരിക്കുമെന്നും നാട്ടിൽ കൃഷി ചെയ്ത പൂക്കൾ രണ്ടു ദിവസത്തിൽ കൂടുതൽ ഇരിക്കില്ലെന്നുമാണ് പൂക്കടക്കാർ പറയുന്നത്. നിശ്ചിതകാലത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് പൂ കൃഷി നടത്തിയ കർഷകർക്ക് ഭൂമി തിരിച്ചു കൊടുക്കേണ്ട സമയമായിട്ടും പൂക്കൾ വിറ്റു പോകാത്തത് തലവേദന ആവുകയാണ്. തദ്ദേശീയമായി കൃഷി നടത്തുന്ന കർഷകരുടെ പൂക്കൾ ന്യായമായ വിലക്ക് വിൽപ്പന നടത്താൻ വിപണിയൊരുക്കണമെന്നാണ് കർഷകരുടെ ആവശ്യം. Read on deshabhimani.com