ത്രിഡി പരീക്ഷണവുമായി ഏരീസ് കലാനിലയം
തൃശൂർ > ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ചിരുന്ന കലാനിലയത്തിന്റെ ''രക്തരക്ഷസ് '' വീണ്ടും അരങ്ങിലേയ്ക്കെത്തുന്നു. നൂതന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ നാടകത്തിന്റെ വരവ്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ പാർവതി ക്ഷേത്ര മൈതാനിയിൽ 13 നാണ് ഉദ്ഘാടന അവതരണം. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദർശനമാണിത്. ''രക്തരക്ഷസ് ചാപ്റ്റർ വൺ'' എന്ന പേരിലാണ് പഴയ നാടകം പുനർജ്ജനിക്കുന്നത്. വേദിയുടെ അണിയറ ഒരുക്കങ്ങളുടെ അവസാനഘട്ട പണികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമാതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങളും വേഷമിടുന്നുണ്ട്. . ഡോൾബി അറ്റ്മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഏരീസ് കലാനിലയത്തിന്റെ പ്രദർശനം . രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ, അലാവുദീനും അത്ഭുതവിളക്കും , നാരദൻ കേരളത്തിൽ, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ടെന്ന് സർ സോഹൻ റോയ് പറഞ്ഞു. '' നാടകം സിനിമ പോലെ നാടാകെ '' ഇളക്കി ജന മനസ്സുകൾ കീഴടക്കിയ കലാനിലയം ഇനി പുത്തൻ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ മാസങ്ങൾക്ക് മുൻപാണ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത് . ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ സോഹൻ റോയിയും ചേർന്നാണ് കരാർ യാഥാർത്ഥ്യമാക്കിയത് . കലാനിലയത്തിന്റെ പുതിയ പേര് " ഏരീസ് കലാനിലയം ആർട്സ് & തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ് " എന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു . ഏരീസും - കലാനിലയവും സംയുക്തമായി ചേർന്നായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ. Read on deshabhimani.com