മതപരമായ ചടങ്ങിനുമാത്രം മതി ആന ; അമിക്കസ്‌ക്യൂറി റിപ്പോർട്ട്
കൊച്ചി മതപരമായ ചടങ്ങുകൾക്കൊഴികെ ആനകളെ ഉപയോഗിക്കാൻ പാടില്ലെന്ന് ശുപാർശ ചെയ്‌ത് അമിക്കസ്‌ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് ഒരു ദിവസത്തെ വിശ്രമം നൽകണമെന്നും അമിക്കസ്‌ക്യൂറി ടി സി സുരേഷ് മേനോൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നാട്ടാനകൾക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കാൻ മാർഗരേഖ ഇറക്കുമെന്ന് നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ച ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചും അറിയിച്ചു. മതാചാരങ്ങൾക്കായി ആനകളെ എഴുന്നള്ളിക്കുന്നതിന് തടസ്സമില്ല. എന്നാൽ, ഉത്സവങ്ങൾക്ക് ആനകളുടെ എണ്ണം കൂട്ടുന്നത് വാണിജ്യ താൽപ്പര്യത്തിലാണ്. 2018–-24 കാലഘട്ടത്തിലുള്ള നാട്ടാനകളിൽ 30 ശതമാനം ചരിഞ്ഞു. കേരളത്തെ നാട്ടാനസൗഹൃദ സംസ്ഥാനമാക്കണം. ഇതരസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ആനകളെ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി വീണ്ടും 12ന് പരിഗണിക്കും. പ്രധാന ശുപാർശകൾ ആനകളെ ഒരുദിവസം 100 കിലോമീറ്ററിലധികം വാഹനത്തിൽ കൊണ്ടുപോകരുത്, എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്നു മീറ്ററെങ്കിലും അകലം പാലിക്കണം, ആളുകളും ആനകളും തമ്മിൽ 10 മീറ്റർ അകലം വേണം, തലപ്പൊക്കമത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല, 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്, മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുമ്പോൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി വാങ്ങണം, എഴുന്നള്ളിപ്പിന് മൂന്നിൽ കൂടുതൽ ആനകളുണ്ടെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സേവനം മുഴുവൻസമയവും ലഭ്യമാക്കണം, പടക്കം പൊട്ടിക്കുന്നിടത്തുനിന്ന് 100 മീറ്ററെങ്കിലും അകലം പാലിക്കണം, അസുഖബാധിതരായ ആനകളെ എഴുന്നള്ളിക്കരുത്. Read on deshabhimani.com